കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസിൽ കൊച്ചി ലേക് ഷോർ ആശുപത്രി നടത്തിയത് മനുഷ്യത്വ രഹിതമായ കമ്മിഷൻ ഇടപാടുകൾ. കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബുമായി ലേക് ഷോർ ആശുപത്രി കമ്മിഷൻ കരാറുണ്ടാക്കിയതിന്റെ രേഖകൾ ജനം ടിവിക്ക് ലഭിച്ചു.
മുഹമ്മദ് നജീബിന്റെ ‘കല്ലട്രാസ്’ എന്ന മെഡിക്കൽ ടൂറിസം സ്ഥാപനവുമായാണ് ലേക് ഷോർ ആശുപത്രി 2025-ൽ കമ്മിഷൻ കരാർ ഒപ്പുവച്ചത്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പ്രതിഫലമായാണ് കമ്മിഷൻ നൽകിയിരുന്നത്.
കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ഒരു ലക്ഷം രൂപയും വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് 50,000 രൂപയും മുഹമ്മദ് നജീബിന് കമ്മിഷനായി നൽകുമെന്നാണ് കരാറിൽ പറയുന്നത്. ഇതിന് പുറമെ മറ്റ് ശസ്ത്രക്രിയകൾക്ക് 10 ശതമാനം വരെ കമ്മിഷൻ നൽകാമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും മെഡിക്കൽ ധാർമ്മികതയ്‌ക്കും വിരുദ്ധമായ രീതിയിലാണ് ഇവരുടെ ഇടപാടുകൾ എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം, കരാറിൽ രേഖപ്പെടുത്തിയ തുകയേക്കാൾ പതിന്മടങ്ങ് വരെ കമ്മിഷൻ അവയവ റാക്കറ്റിന്റെ ഭാഗമായവർക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആശുപത്രിയും ഇടനിലക്കാരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി കൂടുതൽ വിശദമായി പരിശോധിച്ചുവരികയാണ്.
വ്യാജരേഖകൾ ഉപയോഗിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ആധാർ കാർഡുകൾ, വ്യാജ ബന്ധുസർട്ടിഫിക്കറ്റുകൾ എന്നിവ തയ്യാറാക്കി നിയമാനുമതി നേടിയ ശേഷം അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയിരുന്ന സംഘടിത ശൃംഖലയുടെ പ്രധാന കണ്ണിയാണ് മുഹമ്മദ് നജീബ് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ
കേസിൽ അറസ്റ്റിലായ മുഹമ്മദ് നജീബ് നിലവിൽ റിമാൻഡിലാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയുമായുള്ള സാമ്പത്തിക ഇടപാടുകൾ, കരാർ, കമ്മിഷൻ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങളും അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും മാനേജ്മെന്റ് പ്രതിനിധികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, കരാർ രേഖകൾ, പണമിടപാടുകൾ, ഇടനിലക്കാരുടെ പങ്ക് എന്നിവയാണ് ഇഡി പ്രധാനമായും പരിശോധിച്ചതെന്നാണ് വിവരം.















