തിരുവനന്തപുരം : പാമ്പ് കടിയേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. കോട്ടയം മെഡിക്കൽ കോളജിലെ സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം .
ഇതിനിടയിൽ ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് തലയാട്ടി അദ്ദേഹം പ്രതികരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതൊരു ശുഭസൂചനയാണെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. രതീഷ്കുമാർ പറയുന്നത്.
മൂർഖന്റെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. പിന്നീട് മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ തലച്ചോറിന്റെ പ്രവർത്തനം ദുർബലമായി. വിഷം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കടക്കുകയും ശ്വാസം എടുക്കാൻ പറ്റാത്ത സ്ഥിതിയുമായിരുന്നു വാവ സുരേഷിന് ഉണ്ടായിരുന്നത്. വെന്റിലേറ്ററിൽ കണക്ട് ചെയ്തതിനു ശേഷം ഇന്നലെ പുലർച്ചെ 2.30 ഓടെ ചെറിയ പുരോഗതി ഉണ്ടായി. വെന്റിലേറ്ററിൽ നിന്നു പുറത്തെടുത്താൽ മാത്രമേ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് പറയാൻ സാധിക്കൂ.
Comments