തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ ശിവശങ്കറിനും സ്വപ്നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലിൽ പോകേണ്ടി വരുമായിരുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ പുനരന്വേഷണം നടക്കുന്നതു പോലെ സ്വർണ്ണ കടത്ത് കേസിലും പുനരന്വേഷണം അനിവാര്യമാണെന്ന് സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയിലേക്ക് സംശയം നീളാനുള്ള നിരവധി സംഭവങ്ങളാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. ജയിലിലെ ശബ്ദരേഖയിലെ ഗൂഢാലോചന, സ്വപ്നയുടെ ജോലി, അവരുടെ ഭർത്താവിന് കെ ഫോണിൽ ജോലി, കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേരളം വിടാൻ സഹായം, ശിവശങ്കറിന്റെ ഇടപെടലുകളുമെല്ലാം മുഖ്യമന്ത്രിയുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ മുഖ്യമന്ത്രിയ്ക്കെതിരെ ഒരു പെറ്റികേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വർണ്ണകടത്ത് കേസ് ഒത്തുതീർപ്പാക്കിയത്. അരക്കിട്ടുറപ്പിച്ച ബിജെപി- സിപിഎം ബന്ധമാണ് ഒത്തുതീർപ്പിന് വഴിയൊരുക്കിയത്. പിണറായി വിജയനെ കേസിൽ നിന്നും ഊരാൻ മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചുവെന്നും ശിവശങ്കർ മുഖ്യമന്ത്രിയുടെ ഉപകരണം മാത്രമാണെന്നും സുധാകരൻ ആരോപിച്ചു.
Comments