തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകുമെന്ന് സ്വപ്ന സുരേഷ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കും. ഇഡി എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങളിൽകൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ പരിശോധനയുടെ ഭാഗമായാണ് ഇഡി ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസിക്ക് സത്യസന്ധമായി മറുപടി നൽകുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാ അന്വേഷണത്തോടും 100 ശതമാനം സഹകരിക്കും. പറയാനുള്ളത് ശിവശങ്കറിന്റെ പുസ്തകത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചാണ്. മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത് ഇഡിയോടും വെളിപ്പെടുത്തും. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരേയും പേടിക്കേണ്ടതില്ല. സാങ്കേതിക തകരാറുകൾ കാരണം ഇഡിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ബുധനാഴ്ച്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നിൽ ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ശബ്ദരേഖ തിരക്കഥയുടെ ഭാഗമാണെന്നും സ്വപ്ന പറഞ്ഞിരുന്നു.
Comments