ന്യൂഡൽഹി: ദാറുൽ ഉലൂം ദിയോബന്ദ് (Darul Uloom Deoband) വെബ്സൈറ്റ് അടച്ചു പൂട്ടാൻ കോടതി ഉത്തരവ്. ബാലവകാശ നിയമങ്ങൾ ലംഘിക്കുന്ന ഫത്വകൾ ഈയിടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ചതിന്റെ പേരിലാണ് കോടതി നടപടി.
ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ മജിസ്ട്രേറ്റിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുന്ന സ്കൂളിൽ പെൺമക്കളെ പഠിക്കാൻ അനുവദിക്കരുതെന്നാണ് ഒരു ഫത്വ. ജീവജാലങ്ങളുടെ ചിത്രങ്ങളുള്ള പാഠപുസ്തകങ്ങൾ ഒഴിവാക്കണമെന്നും മുസ്ലീം രക്ഷിതാക്കളോട് ആവശ്യപ്പെട്ടുള്ളതാണ് മറ്റൊരു ഫത്വ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നത്.
ഈ നിർദ്ദേശങ്ങൾ കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എൻസിപിസിആർ യുപി സർക്കാരിന് കത്തയക്കുകയും അത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ദേശീയ ബാലവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും വെബ്സൈറ്റിന് എതിരെ നിയമ നടപടി സ്വീകരിക്കുകയുമായിരുന്നു.















