ന്യൂഡല്‍ഹി: യുപി തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ സമാജ്വാദി ദലിതരുടെ ഭൂമി കൈവശം വച്ചു, ജനങ്ങളെ വഞ്ചിച്ചു, സമാജ് വാദി പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാംപൂരില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ സോഷ്യലിസ്റ്റുകളാല്‍ യുപിയിലെ ജനങ്ങള്‍ വഞ്ചിതരായെന്നും ദലിതരുടെ ഭൂമി അവര്‍ കൈവശംവച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അംബേദ്കറെക്കുറിച്ച് പറയുന്നവര്‍ ഭൂമാഫിയയ്ക്ക് ടിക്കറ്റ് നല്കി അദ്ദേഹത്തെ അപമാനിച്ചുവെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. 2017 നുമുന്പ് ഒട്ടേറെ വാഗ്ദാനങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം യുപിയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. വൈദ്യുതിയെപ്പറ്റി ഇന്ന് ചോദ്യമുന്നയിക്കുന്നവര്‍ അവര്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് വൈദ്യുതി കമ്പികള്‍ തുണിയുണക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
അധികാരത്തിലിരുന്ന കാലത്ത് അവര്‍ എങ്ങനെയൊക്കെയാണ് ജനങ്ങളെ വഞ്ചിച്ചതെന്നു കണ്ടു. ചിലര്‍ കുടുംബാധിപത്യം നടപ്പാക്കിയപ്പോള്‍ മറ്റുചിലര്‍ ജാതിയതയും അഴിമതിയും നടപ്പാക്കി. മാഫിയകളും ഗുണ്ടകളും കലാപങ്ങളും സംസ്ഥാനത്ത് വ്യാപകമായി. തെറ്റ് തിരിച്ചറിയാനുള്ള അവസരമായി ഇതിനെ കണ്ടില്ലെങ്കില്‍ അക്രമവും തീവയ്പും തിരിച്ചുവരും. ഭയപ്പെടുത്തുന്ന ആ നാളുകളിലേക്കുള്ള തിരിച്ചുപോക്കാവും ഫലമെന്നും അദ്ദേഹം പറഞ്ഞു. കലാപകാരികളും ഗുണ്ടകളും ബിജെപിയെ ഒഴിവാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും യുപിയില്‍ നിന്ന് കലാപകാരികളെയും മാഫിയകളെയും അകറ്റുന്നതിന് സഹായിക്കും. യോഗിയുടെ ബുള്‍ഡോസര്‍ ഭൂമാഫിയയെ അസ്വസ്ഥപ്പെടുത്തുകയാണ്. യോഗി സര്‍ക്കാര്‍ ഉളളിടത്തോളം കാലം ഈ മാഫികള്‍ യുപിയിലെ ജനങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഉപദ്രവവും ഉണ്ടാക്കില്ലെന്നും ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കു ചുറ്റും സംരക്ഷണ കവചമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യത്തില്‍ നിന്നും സ്വര്‍ണം തീര്‍ത്ത ട്രാക്ക് റെക്കോര്‍ഡാണ് ബിജെപ്പിക്കുള്ളത്. എന്നാല്‍ സ്വര്‍ണത്തെപ്പോലും മലിനപ്പെടുത്തിയ ട്രാക് റെക്കോര്‍ഡാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും ഉന്നമനത്തിനുള്ള കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ സങ്കല്പത്രയെന്നും സങ്കല്പ്പത്ര യുപിയെ മഹത്തായ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഷന്ഗാന സംസ്ഥാനത്തെ കരിമ്പുകര്‍ഷകര്‍ക്ക് അഭിവൃദ്ധിയുണ്ടാക്കും. നൂറുകണക്കിന് പുതിയ മില്ലുകള്‍ പണിതും പഴയവ നവീകരിച്ചും കരിമ്പുകര്‍ഷകരെ സഹായിക്കും. കാര്‍ഷിക മേഖലയുടെ വികസനത്തിനും ആധുനീകരിക്കുന്നതിനും ഒട്ടേറെ പദ്ധതികളാണ് ആസുത്രണം ചെയ്തിട്ടുള്ളത്.
അഞ്ചുവര്‍ഷം കൊണ്ട് എത്തനോള്‍ ഉല്പാദനം വന്‍തോതില്‍ ഉയര്‍ന്നു. ജൈവഇന്ധനഫാക്ടറികള് സംസ്ഥാനത്ത് വ്യാപകമായി. യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വന്‍നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 തിരഞ്ഞെടുപ്പില്‍ മിന്നുന്നവിജയമാണ് യോഗിയുടെ നേതൃത്വത്തില്‍ ബിജെപി കാഴ്ചവച്ചത്. 312 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 39.67 ശതമാനം വോട്ടുനേടി. സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് 19 സീറ്റും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഏഴു സീറ്റില്‍ ഒതുങ്ങി.
Comments