പത്തനംതിട്ട : കുന്നന്താനത്ത് തൊഴിലുറപ്പ് പദ്ധതികൾക്ക് തടസ്സമായി മൂർഖൻ പാമ്പ്. ഒട്ടിയക്കുഴി തോടിന്റെ വശത്ത് കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തികളാണ് മൂർഖൻ പാമ്പിന്റെ ശല്യത്തെ തുടർന്ന് നിർത്തിവെച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തികൾ നിലച്ചിരിക്കുകയാണ്.
തോടിന്റെ പല ഭാഗങ്ങളിലും കയർ ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളിൽ ഇത് തുടരുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ച പാമ്പിനെ കണ്ടത്. തുടർന്ന് തൊഴിലാളികൾ പണികൾ നിർത്തിവെച്ചു. സംഭവം അറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നെങ്കിലും പാമ്പിനെ പിടികൂടാതെ മടങ്ങുകയായിരുന്നു.
പിന്നീട് ഇന്നലെ തൊഴിലാളികൾ പണികൾ പുന:രാരംഭിച്ചെങ്കിലും വീണ്ടും പാമ്പിനെ കാണുകയായിരുന്നു. ഇതോടെ ഭയന്ന തൊഴിലാളികൾ വീണ്ടും പണികൾ നിർത്തിവെച്ചു. പാമ്പിനെ പിടികൂടാതെ പണി ചെയ്യുക ശ്രമകരമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതോടെ കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒട്ടിയക്കുഴി മുതൽ കോതവിളച്ചാൽവരെ 500 മീറ്ററോളം ദൂരത്തിലാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. 4.90 ലക്ഷം രൂപ ചിലവിട്ടാണ് പണികൾ നടത്തുന്നത്.
Comments