തിരുവനന്തപുരം: സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ലോകായുക്ത ഓർഡിനനൻസിലും കെ റെയിലിനും എതിരെയാണ് മുഖപത്രം രൂക്ഷ വിമർശനമുയർത്തിയിരിക്കുന്നത്.
പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയിൽ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരം. ഈ രീതിയിൽ മുഖ്യമന്ത്രിയും പാർട്ടിയും ആവർത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സർക്കാറെന്നാണ് മുഖപ്രസംഗത്തിലെ പ്രധാനവിമർശനം.
കെ റെയിൽ മാത്രമല്ല അത് വരുന്ന വഴി കൂടിയാണ് ചർച്ച ചെയ്യേണ്ടത്. എന്നാൽ ചർച്ചകളെ ഒഴിവാക്കി, എതിർ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തിൽ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളിൽപോലും അതിരടയാളക്കുറ്റി തറച്ചു കൊണ്ടായിരുന്നു സർക്കാർ മറുപടി നൽകിയതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
വലിയ പദ്ധതി നടപ്പാക്കുമ്പോൾ പാർട്ടി നിശ്ചയിച്ച പൗരപ്രമുഖരമായി മാത്രമാണ് സംസ്ഥാന സർക്കാർ ചർച്ച നടത്തിയത്. നിയമസഭയിലും ചർച്ചയില്ല.ജനങ്ങൾക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിൻറേതാണ്. കെ റെയിലനെതിരെ കവിതയെഴുതിയ ഇടത് സഹയാത്രികൻ റഫീഖ് അഹമ്മദിന് എതിരെ ‘സാമൂഹ്യ’ മർദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം. ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനാക്കിയെന്നും അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാർഗമാക്കുന്നത് പ്രാഥമികമായ ഫാസിസ്റ്റ് തന്ത്രമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.
അതുകൊണ്ട് എല്ലാവരേയും മുഴുവൻ കാര്യങ്ങളും അറിയിക്കരുതെന്നും എല്ലാവർക്കും രാഷ്‌ട്രീയമായി തുല്യത നല്കരുതെന്നും രാഷ്‌ട്രീയ തുല്യത എന്നത് ലോകത്തിലെ ഏറ്റവും മൂഢമായ വിശ്വാസമാണെന്നും പറഞ്ഞത് മുസോളിനിയാണ്. ചർച്ചകൾ ഇല്ലാതാക്കുന്നവരും സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാഷിസത്തിന്റെ വഴിയിൽത്തന്നെയാണ്. ചിന്താഭാരം ഒഴിവാക്കിയൊഴിയുന്ന അടിമത്തത്തിന്റെ അനുസരണം ഇതിന്റെ നല്ലൊരു പശ്ചാത്തല സഹായിയുമാണ്.
ഏതാനും സൈബർ ചാവേറുകളുടെ പ്രതിരോധബലത്തിൽ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.















