മുംബൈ: ഇന്ത്യക്കാരുടെ സ്വന്തം സൂപ്പർ ഹീറോ ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിർമ്മാണ കമ്പനിയായ സൺ പിക്‌ചേർസാണ് ടീസർ പുറത്ത് വിട്ടത്. മൂന്ന് ഭാഗങ്ങളിലായിട്ടാവും സിനിമ പുറത്തിറങ്ങുകയെന്നാണ് വിവരം.
ശക്തിമാന്റെ ഉദയം കാണിക്കുന്ന ടീസറിൽ പരമ്പരയിലുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകൻ ഗംഗാധരൻ ശാസ്ത്രിയുടെ സിഗ്‌നേച്ചർ വസ്തുക്കളായ ക്യാമറ, കണ്ണട തുടങ്ങിയവക്കൊപ്പം കഥാപാത്രത്തിന്റെ നെഞ്ചിലുള്ള എംബ്ലവുമുണ്ട്. മുംബൈ നഗരത്തിന്റെ ദൃശ്യവും കാണാം. ‘മാനവരാശിയുടെ മേൽ ഇരുട്ടും തിന്മയും നിലനിൽക്കുന്നതിനാൽ അവന് മടങ്ങിവരാൻ സമയമായി’ എന്ന വാചകമാണ് ടീസറിന്റെ പ്രധാന ആകർഷണം.
ശക്തിമാൻ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റർനാഷണലും ബ്രേവിങ് തോട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. മുകേഷ് ഖന്നയും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംവിധായകനടക്കമുള്ള മറ്റ് അണിയറ പ്രവർത്തകരെ പറ്റിയുള്ള വിശദാംശങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിലെ ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
90 കളിലെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശം കൊള്ളിച്ചിരുന്ന ടെലിവിഷൻ പരമ്പരയായിരുന്നു ശക്തിമാൻ. ദൂരദർശനിൽ 450 എപ്പിസോഡുകളിലായി 1997 മുതൽ 2000 പകുതിവരെയായിരുന്നു ‘ശക്തിമാൻ’ സംപ്രേഷണം ചെയ്തത്. അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മുഖേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും അതിലെ കഥാപാത്രത്തിന്റെ പേരിലാണ്.















