തൃശൂർ: മെഗാസ്റ്റാർ ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ സുരേഖയ്ക്കൊപ്പം വൈകുന്നേരം മൂന്ന് മണിയോടെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം വൈകുന്നേരം നാലരയോടെയാണ് ക്ഷേത്രത്തിലെത്തിയത്. 2012ൽ കേന്ദ്രമന്ത്രിയായിരിക്കെയും ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയിരുന്നു.
ദേവസ്വം ഭരണസമിതിയംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, മുൻ ഭരണസമിതിയംഗം കെ.വി ഷാജി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹത്തിന് പ്രസാദ കിറ്റ് നൽകി. ദേവസ്വത്തിന്റെ ഉപഹാരവും ചിരഞ്ജീവിയ്ക്ക് സമ്മാനിച്ചു.
ആചാര്യയാണ് ചിരഞ്ജീവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. കൊറട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആർആർആർ മാർച്ച് 25ന് റിലീസ് ചെയ്യുന്നതിനാൽ റിലീസ് ഏപ്രിൽ 19ലേക്ക് നീട്ടുകയായിരുന്നു.
Comments