ദേശാഭിമാനിയുടെ ഹോട്ട് ഡോഗ് വിവാദം മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. അമേരിക്കൻ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ എല്ലാ വർഷവും ഹോട്ട്ഡോഗ് തീറ്റ മത്സരം സംഘടിപ്പിക്കാറുണ്ട്. ഈ മത്സരം ഇന്ത്യയിൽ വലിയ വാർത്താപ്രാധാന്യം ലഭിക്കാറില്ല. എന്നാൽ ദേശാഭിമാനി അത് ഒന്നാം പേജിൽ തന്നെ വാർത്തയാക്കി.
ദേശാഭിമാനക്ക് പറ്റിയ തെറ്റിദ്ധാരമയാണ് അതിന് കാരണമായത്. ഹോട്ട്‌ഡോഗ് എന്ന് കണ്ടപ്പോൾ ദേശാഭിമാനിയിലെ എഡിറ്റോറിയൽ വിഭാഗത്തിലുളളവർ അത് പട്ടിയെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. അത് കൊണ്ട് ആ വാർത്തയ്‌ക്ക് വലിയ പ്രാധാന്യവും ലഭിച്ചു. അന്ന് മത്സരത്തിൽ 10 മിനിട്ടിനുളളിൽ 68 ഹോട്ട്ഡോഗുകൾ കഴിച്ച് 25കാരൻ 20,000 ഡോളർ സമ്മാനം നേടി. ഈ വാർത്ത ദേശാഭിമാനി നൽകിയത് ‘അമേരിക്കയിൽ യുവാവ് 10 മിനിട്ടിൽ 68 പട്ടിയെ തിന്ന് റെക്കോർഡിട്ടു’ എന്ന തലക്കെട്ടോയെയായിരുന്നു. 2009 ജൂലായ് ആറിന് പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിന്റെ മുൻ പേജിലാണ് ഈ വാർത്ത നൽകിയത്.
ഈ വാർത്ത സത്യമാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്കയെ പരിഹസിക്കാൻ ഒരു സിപിഎം അംഗം നിയമസഭയിൽ ഉന്നയിച്ചു. അതോടെ അത് നിയമസഭാ രേഖയുമായി. ഈ വാർത്ത വിദേശ മാദ്ധ്യമങ്ങളിലടക്കം പരിഹാസരൂപേണ പ്രസിദ്ധീകരിച്ചത് ദേശാഭിമാനിക്ക് വലിയ മാനക്കേട് ഉണ്ടാക്കിയിരുന്നു. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ പത്രം സിപിഎം മുഖപത്രത്തിന്റെ അമളിയെ കളിയാക്കി എഡിറ്റോറിയൽ പേജിൽ ലേഖനം എഴുതിയിരുന്നു.
ഹോട്ട്‌ഡോഗിനോളം വരില്ലെങ്കിലും അതിന് സമാനമായ അമളിയാണ് മനോരമ ഓൺലൈനും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘ഫ്‌ലൈ ദുബായിലെ ഇന്ത്യൻ യാത്രക്കാരനിൽ നിന്ന് റിവോൾവർ പിടിച്ചെടുത്തു; അന്വേഷണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അബദ്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുബായിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വന്ന യാത്രക്കാരനിൽ നിന്ന് റിവോൾവർ പിടിച്ചുവെന്നാണ് വാർത്ത. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. യാത്രക്കാരനിൽ നിന്ന് ഒരു റിവോൾവറും രണ്ട് മാസികകളും പിടിച്ചെടുത്തുവെന്നാണ് മനോരമയുടെ വാർത്തയിൽ പറയുന്നത്.
സത്യത്തിൽ മാഗസിനെയാണ് മനോരമ തെറ്റിദ്ധരിച്ച് മാസികയാക്കിയത്. യഥാർഥത്തിൽ തോക്കിൽ വെടിയുണ്ടകൾ നിറച്ച് സൂക്ഷിക്കുന്ന ഭാഗമാണ് മാഗസീൻ. കാശ്മീരിലും മറ്റും ഭീകരവാദികളിൽ നിന്ന് തോക്കുകളും മാഗസീനുകളും പിടിച്ചെടുത്തുവെന്ന് നിരന്തരം വാർത്ത വരാറുണ്ട്. എന്നിട്ടും മനോരമയ്‌ക്ക് അമളി പറ്റിയെന്നതാണ് യാഥാർഥ്യം. മനോരമയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരിക്കുകയാണ്.















