തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. വൈദ്യുതി ബോർഡ് ചെയർമാൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? കെ.കൃഷ്ണൻകുട്ടിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിച്ചതാണോയെന്നും എംഎം മണി ചോദിച്ചു. ഇത് പിണറായി വിജയന്റെ സർക്കാരാണെന്നും, അശോകിന്റെ സർക്കാരല്ലെന്നും മണി വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“വൈദ്യുതി വകുപ്പിന്റെ ചെയർമാൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. മന്ത്രി പറഞ്ഞിട്ടാണോ. അതോ മന്ത്രി പറയേണ്ടത് പുള്ളിയെ കൊണ്ട് പറയിച്ചതാണോ. ഇതിന്റെ നാനാവശങ്ങൾ ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് സംസാരിച്ച ശേഷം ഇതിൽ കൂടുതൽ പ്രതികരണം നടത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാലര വർഷത്തോളം മന്ത്രിയായിരുന്നു. ആ നാലര വർഷം വൈദ്യുതി ബോർഡിന്റെ സുവർണ കാലമായിരുന്നു. വൈദ്യുതി ഉത്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു. അതുകൊണ്ട് അശോകൻ പറഞ്ഞ കാര്യത്തെ പറ്റി വിശദമായി മനസിലാക്കേണ്ടതുണ്ടെന്നും’ എംഎം മണി പറഞ്ഞു.
Comments