ചോറ്റാനിക്കര മകം തൊഴൽ ഇന്ന്

Published by
Janam Web Desk

കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. സർവ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെ ഒരുനോക്കുകണ്ട് പുണ്യം നേടാൻ പതിനായിരക്കണക്കിന് സ്ത്രീകളാണ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നത്. മിഥുനലഗ്നം ഉച്ചയ്‌ക്ക് രണ്ടിനാണ് മകം തൊഴലിനായി ശ്രീകോവിൽനട തുറക്കുന്നത്.

സർവാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയന്നൊണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തിയ ദേവിയെ തൊഴാൻ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തർ ഒഴുകിയെത്തും.

കുംഭ മാസത്തിലെ മകം നാളിലാണ് ചോറ്റാനിക്കര മകം. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊച്ചിൻ ദേവസ്വം ബോർഡും, ക്ഷേത്ര ഉപദേശക സമിതിയും ഏർപ്പെടുത്തിയിട്ടുള്ളത്. ദേവസ്വത്തിന് പുറമെ, പോലീസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തൽ ഒരുക്കിയിട്ടുണ്ട്.

Share
Leave a Comment