കാലടി: മലയാറ്റൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉടമയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന ആർ.എസ്.എസ് ശാഖയ്‌ക്കുനേരെയുണ്ടായ ആക്രമണം ജനാധിപത്യത്തോടും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ആർ.എസ്.എസ് ആലുവ ജില്ലാ കാര്യകാരി. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് സമാധാനപരമായ സംഘടനാപ്രവർത്തനം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവർ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് ആർ.എസ്.എസ് പ്രവർത്തനം നടത്തരുതെന്ന ആവശ്യം ഉന്നയിച്ചാണ് കമ്മ്യൂണിസ്റ്റ്–കോൺഗ്രസ് നേതാക്കൾ ശാഖയ്‌ക്കുനേരെ ആക്രമണം നടത്തിയത്. ക്രമസമാധാനം സംരക്ഷിക്കേണ്ട ജനപ്രതിനിധികൾ തന്നെ അക്രമത്തിന് നേതൃത്വം നൽകിയെന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്നും ജില്ലാ കാര്യകാരിയുടെ പ്രസ്താവനയിൽ പറയുന്നു.
സംഘടനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശം
ഭരണഘടനയും നിയമവ്യവസ്ഥയുമാണ് രാജ്യത്ത് പരമപ്രധാനമെന്ന് ആർ.എസ്.എസ് ചൂണ്ടിക്കാട്ടി. സമാധാനപരമായി ഒത്തുചേർന്ന് സംഘടനാപ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമാണ്. നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഈ അവകാശം ഒരുപോലെ ബാധകമാണെന്നും അക്രമത്തിലൂടെ അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും പ്രസ്താവന വ്യക്തമാക്കി.
ആശയങ്ങളെ ഭയക്കുന്നവരാണ് ആക്രമണത്തെ ആശ്രയിക്കുന്നതെന്നും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാമെന്നത് വ്യാമോഹമാണെന്നും ജില്ലാ കാര്യകാരി പറഞ്ഞു.
കേരളം മതസൗഹാർദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാരമ്പര്യമുള്ള നാടാണെന്ന് പ്രസ്താവനയിൽ പറയുന്നു. എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങൾക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനൊപ്പം നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം.
കഴിഞ്ഞ നൂറ് വർഷമായി രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. എല്ലാ മതവിഭാഗങ്ങളോടും സൗഹാർദപരമായ ഇടപെടലാണ് സംഘടനയുടെ പ്രവർത്തന പാരമ്പര്യമെന്നും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകർ സംഘത്തിന്റെ ഭാഗമാണെന്നും പ്രസ്താവന അവകാശപ്പെട്ടു.
ഈ വസ്തുതകൾ മറച്ചുവെച്ച് ക്രിസ്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് രാഷ്‌ട്രീയ മുന്നണികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ആർ.എസ്.എസ് ആലുവ ജില്ലാ കാര്യകാരി ആരോപിച്ചു.
നിഷ്പക്ഷ അന്വേഷണം വേണം
മലയാറ്റൂരിലെ സംഭവത്തിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ കാര്യകാരി ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാനപരമായി സംഘടനാപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കാൻ പോലീസ് അടിയന്തരമായി ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.















