പാലക്കാട്: ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കസ്റ്റഡിയിലെടുത്തു. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണോയെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്. ബിഹാർ സ്വദേശി ഷുക് ലാൽ മറിയയെയാണ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാവിലെ 10.30നും 11.30നും ഇടയിലാണ് റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയത്. ഒറ്റപ്പാലം–ഷൊർണൂർ സ്റ്റേഷനുകൾക്കിടയിലെ മൂന്ന് സ്ഥലങ്ങളിലാണ് സമാനമായ രീതിയിൽ വസ്തുക്കൾ കണ്ടെത്തിയതെന്നാണ് വിവരം.
മണ്ണനൂർ, കാരക്കാട് എ-കാബിൻ പരിസരം എന്നിവിടങ്ങളിലുൾപ്പെടെ ട്രാക്കിൽ തടസ്സങ്ങൾ കണ്ടെത്തി. കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്.
സംശയാസ്പദ സാഹചര്യത്തിൽ യുവാവ് കസ്റ്റഡിയിൽ
ട്രാക്കിൽ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയ്‌ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ആർപിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ട്രാക്കിൽ വസ്തുക്കൾ എത്തിച്ച സാഹചര്യം, സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായേക്കും. എന്നാൽ യുവാവിന് സംഭവത്തിലുള്ള പങ്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.















