ലക്നൗ: വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് പതിമൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ കുശിനഗറിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ പത്ത് പേർ സ്ത്രീകളാണ്.
‘ഉത്തർപ്രദേശിലെ കുശിനഗറിലുണ്ടായ അപകടം ഹൃദയഭേദകമാണ്. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് നൽകുന്നതാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വിവാഹ വീട്ടിലെ ഹൽദി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. ചടങ്ങുകൾ കാണാനെത്തിയവർ നിന്നിരുന്ന കിണറിന് മുകളിലെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അപകടത്തെ തുടർന്ന് അർദ്ധരാത്രിവരെ രക്ഷാപ്രവർത്തനം നടന്നിരുന്നു. ഏകദേശം പതിനഞ്ച് ആളുകളെയാണ് നാട്ടുകാർ ചേർന്ന് രക്ഷിച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതായി കുശിനഗർ ജില്ലാ കളക്ടർ അറിയിച്ചു.
Comments