തിരുവനന്തപുരം; കെഎസ്എബി സമരത്തിന് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.സഭാ സമ്മേളനത്തിന് മുൻപ് ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ കൂടെ നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എകെജി സെന്ററിൽ മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്നണി കൺവീനർ വിജയരാഘവനും, കെഎസ്ഇബിയിലെ ട്രേഡ് യൂണിയനുകളെ നയിക്കുന്ന നേതാക്കളായ എളമരം കരീമും , കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുത്തിരുന്നു.
വൈദ്യുതി ഭവന് മുന്നിൽ ഇടത് ട്രേഡ് യൂണിയനുകൾ നടത്തുന്ന അനിശ്ചിത കാല പ്രക്ഷോഭം നാലാം ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഇന്ന് ചർച്ച നടത്തിയത്. ചെയർമാന്റെ ആരോപണങ്ങളും എംഎം മണിയുടെ പ്രതികരണവും സർക്കാറിനെയും പാർട്ടിയേയും സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് വേഗത്തിൽ ചർച്ച നടത്തി പരിഹാരം കാണാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
കെഐസ്ഇബി ചെയർമാന്റെ അധികാര ദുർവിനിയോഗത്തിന് എതിരായിട്ടാണ് സമരം നടത്തുന്നതെന്നാണ് ഇടത് ട്രേഡ് യൂണിയനുകൾ പറയുന്നത്. കെസ്ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്‌കാരങ്ങളിൽ നിന്ന് ചെയർമാൻ പിൻമാറിയാൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.
കെഎസ്ഇബി ചെയർമാൻ ഡോ.ബി അശോക് അധികാര ദുർവിനിയോഗം നടത്തി വകുപ്പിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ പ്രധാന ആരോപണം.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും യൂണിയനുകൾ ആരോപിക്കുന്നു.
എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാന്റെ പ്രധാന ആരോപണം.
ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകിയെന്നും, ചട്ടവിരുദ്ധമായി നിലപാട് ഫയലിൽ എഴുതി ചേർത്ത് ഒപ്പിടാൻ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകൾ സമ്മർദ്ദം ചെലുത്തിയെന്നും സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാൻ അർഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റർ ദുരുപയോഗം ചെയ്തുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
Comments