ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഓൺലൈനായി നടക്കുന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെക്കും.
കൂടിക്കാഴ്ചയിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള ചിരകാല ബന്ധം ശക്തിപ്പെടുത്തും. യു.എ.ഇയുടെ 50ാം വാർഷികവും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും കൂടിക്കാഴ്ച നടത്തുന്നത് എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം നരേന്ദ്ര മോദി യു.എ.ഇ സന്ദർശിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപനം മൂലം യാത്ര റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓൺലൈൻ ഉച്ചകോടി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക, വ്യാപാര മന്ത്രാലയങ്ങളിലെ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും.
മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെട്ടു. വ്യാപാര മേഖലകളിലടക്കം ഇരു രാജ്യങ്ങുടെയും സഹകരണം ഇതിന് ഉദാഹരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015, 2018, 2019 വർഷങ്ങളിൽ യുഎഇ സന്ദർശിച്ചിരുന്നു. അതുപോലെ തന്നെ യുഎഇ കിരീടാവകാശി 2016ലും 2017ലും ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും മറ്റ് ഉന്നത അധികാരികളും പരസ്പരം നല്ല ബന്ധം പുലർത്തുന്നു.
കൊറോണ പ്രതിസന്ധി ഘട്ടങ്ങളിലും ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം,നിക്ഷേപം, ഊർജബന്ധങ്ങൾ എന്നിവ കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെട്ടു. സ്റ്റാർട്ടപ്പ് സംരംഭങ്ങളിലും ഇരു രാജ്യങ്ങളും പരസ്പരം സഹായങ്ങൾ നൽകി വരുന്നു. ഇവയെല്ലാം രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നു എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സെപ്തംബറിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയോജിത സാമ്പത്തിക സഹകരണക്കരാർ തയാറാക്കിയിരുന്നു. ഇതിലെ ചർച്ചകൾക്ക് ശേഷമാണ് കരാർ ഒപ്പുവെക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏതെങ്കിലുമൊരു ഗൾഫ് രാജ്യവുമായി ഉണ്ടാക്കുന്ന സുപ്രധാന കരാറാണിത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇറക്കുമതി, കയറ്റുമതി നികുതികളിൽ ഗണ്യമായ കുറവുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനും കഴിയും. യു.എ.ഇയിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന നയങ്ങളും കരാറിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
Comments