ലക്‌നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ദ ജില്ലയിലെ തിൻഡ്വാരി മേഖലയിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറുമെന്ന് അമിത് ഷാ പറഞ്ഞു. അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ എസ്പി നേതാവിന്റെ മകൻ ഉൾപ്പെട്ടത് തന്നെ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ, രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. അഖിലേഷിന്റെ ഭരണകാലത്ത് ഏകദേശം രണ്ടായിരത്തോളം കർഷകരാണ് ക്ഷാമം മൂലം കൊല്ലപ്പെട്ടത്. ഇതെല്ലാം ഒരു സർക്കാർ എങ്ങനെയാവരുത് എന്നതിനുള്ള ഉദാഹരണമാണ്’ അമിത് ഷാ വിമർശിച്ചു.
യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ സംസ്ഥാനം ധാരാളം നേട്ടം കൈവരിച്ചു. അതേസമയം, എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നീ പാർട്ടികൾ പാവങ്ങളുടെ പേരിൽ വോട്ട് പിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചത്. മറ്റുള്ളവർ പാവപ്പെട്ടവരുടെ വോട്ട് നേടി ജയിച്ച് അവരെ ദ്രോഹിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു.
ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം ഉത്തർപ്രദേശിൽ 72 ശതമാനം തട്ടിപ്പുകളും, 62 ശതമാനം മോഷണങ്ങളും, 31 ശതമാനം കൊലപാതകങ്ങളും, 29 ശതമാനം തട്ടിക്കൊണ്ട് പോകലുകളും, 50 ശതമാനം പീഡനങ്ങളും കുറഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. മറ്റ് പാർട്ടികാര് അധികാരത്തിലെത്തി പണവും പ്രതാപവും കണ്ട് കണ്ണ് മഞ്ഞളിച്ച് നിന്നപ്പോഴും, ജനക്ഷേമത്തിനായി പ്രവർത്തിക്കാൻ ബിജെപി സർക്കാർ തന്നെ വേണ്ടിവന്നു എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ, ഹോളി, ദീപാവലി ആഘോഷക്കാലത്ത് ഗ്യാസ് സിലിണ്ടർ തീർത്തും സൗജന്യമായിരിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങളും പൂർത്തിയായിരിക്കുകയാണ്. സംസ്ഥാനത്തെ 16 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേയ്‌ക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും.
Comments