കീവ്: രാജ്യത്തിന് നേരെയുണ്ടാകുന്ന റഷ്യയുടെ പ്രകോപനങ്ങൾക്ക് തൽക്കാലം പ്രതികരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലൻസ്കി. അതേസമയം റഷ്യൻ അധിനിവേശ നീക്കത്തിനെതിരെ യുക്രെയ്ൻ സ്വയം പ്രതിരോധം തീർക്കുമെന്നും അദ്ദേഹം ലോക നേതാക്കളോട് വ്യക്തമാക്കി. യുക്രെയ്ൻ ജനത പരിഭ്രാന്തിയിൽ അല്ലെന്നും മ്യൂണിച്ചിലെ സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ നേതാക്കൾ റഷ്യയെ പ്രീതിപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും യുക്രെയ്ന്റെ സുരക്ഷയിൽ പുതിയ ഉറപ്പുകൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ പിന്തുണയുളള വിമതർക്ക് നേരെ യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പച്ചക്കളളമാണെന്നും അദ്ദേഹം പറഞ്ഞു.
അധിനിവേശത്തിന് കാത്തുനിൽക്കാതെ റഷ്യയ്ക്കെതിരെ ഉപരോധങ്ങളേർപ്പെടുത്താൻ രാജ്യങ്ങൾ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുക്രെയ്നിൽ നിന്ന് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് വൊലോഡിമിർ സെലൻസ്കി മ്യൂണിച്ചിലെത്തിയത്.
അതിനിടെ യുക്രെയ്നിൽ നിന്നും മാറിനിൽക്കാൻ പൗരൻമാർക്ക് ജർമനി നിർദ്ദേശം നൽകി. വിദേശകാര്യ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. സുരക്ഷാ കാരണങ്ങളാലാണ് നിർദ്ദേശമെന്നും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നു. ഫെബ്രുവരി അവസാനം വരെ കീവിലേക്കും ഒഡേസയിലേക്കുമുളള വിമാന സർവ്വീസുകൾ റദ്ദാക്കുമെന്ന് ജർമ്മൻ എയർലൈൻസായ ലുഫ്താൻസ അറിയിച്ചു. ശനിയും ഞായറും സർവ്വീസുകൾ തുടരും. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്കായി സമാന്തര മാർഗങ്ങൾ സ്വീകരിക്കുമെന്നും ലുഫ്താൻസ വ്യക്തമാക്കി.
Comments