തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉഴവത്ത്കടവ് സ്വദേശി ആഷിഫ് (40), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (13), അയ്നുന്നീസ (എട്ട് ) എന്നിവരെയാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ആത്മഹത്യ.
ഉച്ചയായിട്ടും നാല് പേരെയും പുറത്തു കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട് തുറന്നു നോക്കിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് മുറിപരിശോധിച്ചപ്പോൾ ലഭിച്ച ആത്മഹത്യാ കുറിപ്പിൽ നിന്നാണ് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് വ്യക്തമായത്.
വീടിനുള്ളിൽ വിഷവായു നിറച്ചാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ നിന്നും കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വാതകം പുറത്തുപോകാതിരിക്കാൻ ജനാലിന്റെ വാതിലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു.
സോഫ്റ്റ്വെയർ എൻജിനീയർ ആണ് ആഷിഫ്. അടുത്തിടെ ഒരു കോടിയോളം രൂപ ചിലവിട്ടാണ് ആഷിഫ് വീടുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്ക് കടം ഉണ്ടായിരുന്നു. ലോണെടുത്ത തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസും ലഭിച്ചിരുന്നു. സ്ഥലം വിറ്റ് ഇത് അടയ്ക്കാൻ ആയിരുന്നു ആഷിഫിന്റെ നീക്കം. എന്നാൽ ഇത് നടന്നില്ല. ഇതിലുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
Comments