ഒരു മനുഷ്യന്റെ ജീവിതത്തിൽ, മാതൃഭാഷയ്‌ക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളതെന്ന് മഹാകവി വള്ളത്തോളിന്റെ ‘എന്റെ ഭാഷ’ എന്ന കവിതയിലെ വരികളിൽ നിന്നും വ്യക്തമാണ്. അമ്മയുടെ മുഖത്തുനിന്നുതന്നെ നാം കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ഉള്ളിൽ ആദ്യമായി തെളിയുന്നതും അവന്റെ മാതൃഭാഷയാണ്.
ഇന്ന് ലോകം മാതൃഭാഷ ദിനം ആചരിക്കുമ്പോൾ, നമ്മുടെ പെറ്റമ്മയായ, മലയാളത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അതിന്റെ ഉയർച്ചയ്‌ക്കായി നാം പ്രവർത്തനം ആരംഭിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ആളുകൾ മലയാള ഭാഷ മറന്ന് മറ്റ് ഭാഷകളെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുകയാണ്.
പല ഭാഷകളും, പല സംസ്‌കാരങ്ങളും ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. പക്ഷേ ഇവയൊരിക്കലും നമ്മുടെ പെറ്റമ്മയായ മലയാളത്തിന് പകരമാവില്ലെന്ന പച്ചയായ സത്യം ഓരോ മലയാളിയും മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം മാതൃഭാഷയെ നെഞ്ചോട് ചേർത്ത്, മാതൃഭാഷയ്‌ക്ക് അളവറ്റ സ്‌നേഹവും ബഹുമാനവും നൽകണം. ഇത് നമ്മുടെ സംസ്‌കാരം വളർത്തുകയും ഭാഷയുടെ പ്രാധാന്യം വളർത്തുകയും ചെയ്യുന്നു.
ഇന്ന് ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും സംസാര ഭാഷ മലയാളമാണ്. ലോകത്ത് മൂന്നര കോടിയിലധികമാളുകൾ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
1999 നവംബർ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. 2000ത്തിലെ യുഎൻ ജനറൽ അസംബ്ലിയിൽ ഇത് ശരിവെയ്‌ക്കുകയും ലോക മാതൃഭാഷാ ദിനം ലോകം ആചരിക്കുകയും ചെയ്തു.
ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്‌ക്കോയ്‌ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിന്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു.
ലോക മാതൃഭാഷ ദിനത്തിൽ വിദ്യാലയങ്ങളിൽ മാതൃഭാഷാ പ്രതിജ്ഞയെടുക്കുന്നുണ്ട്. മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും സാധ്യതകളും ഉൾക്കൊണ്ട് വളരാൻ കുട്ടികളെ ഈ പ്രതിജ്ഞ പ്രേരിപ്പിക്കുന്നു. ഇന്നത്തെ തലമുറ മാതൃഭാഷയെ മറക്കാതിരിക്കാൻ, മാതൃഭാഷയെ സ്‌നേഹിക്കാൻ ആരംഭിക്കണം. അങ്ങനെ ഭാഷാസ്‌നേഹത്തിലും, അഭിമാനത്തിലുമൂന്നിയ ഒരു സംസ്‌കാരം ഓരോ മലയാളിയും ചേർന്ന് വികസിപ്പിച്ചെടുക്കണം.
Leave a Comment