അസഹനീയമായ വയറുവേദന, മലബന്ധം എന്നിവ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ ശസ്ത്രക്രിയയ്‌ക്ക് വിധേനാക്കിയപ്പോൾ ഡോക്ടർമാർ ഒന്നടങ്കം ഞെട്ടി. രോഗിയുടെ വൻകുടലിൽ നിന്നും ഒരു കുപ്പിഗ്ലാസാണ് ഡോക്ടർമാർ പുറത്തെടുത്തത്. ബിഹാറിലെ മുസാഫർപൂർ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
രോഗിയുടെ വൻകുടലിൽ എങ്ങനെയാണ് ഒരു മുഴുവൻ കുപ്പിഗ്ലാസ് അകപ്പെട്ടതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശസ്ത്രക്രിയ്‌ക്ക് ശേഷം ഇയാൾ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ എക്‌സ്-റേ റിപ്പോർട്ട് പരിശോധിച്ചപ്പോൾ വൻകുടലിൽ ഒരു വലുപ്പമുള്ള വസ്തുവുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാളെ ശസ്ത്രക്രിയ്‌ക്ക് വിധേയനാക്കിയത്.
‘ചായകുടിച്ചപ്പോൾ കുപ്പിഗ്ലാസ് വിഴുങ്ങി എന്നാണ് രോഗി നൽകുന്ന ഉത്തരം. എന്നാൽ ഇത് ഒട്ടും വിശ്വസനീയമല്ല. ഒരു കുപ്പിഗ്ലാസ് കടക്കാൻ സാധിക്കത്തക്ക വലുപ്പം മനുഷ്യന്റെ അന്നനാളത്തിനില്ല. രോഗി തെറ്റിദ്ധരിപ്പിക്കുകയാണ്. ഇയാൾ എന്തോ മറച്ച് വെയ്‌ക്കുന്നത് പോലെയാണ് സംസാരിക്കുന്നത്’ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പ്രതികരിച്ചു.
രോഗിയുടെ വൻകുടൽ കീറിയാണ് കുപ്പിഗ്ലാസ് പുറത്തെടുത്തത്. എൻഡോസ്‌കോപ്പിയിലൂടെ ഗ്ലാസ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെയാണ് വൻകുടൽ കീറിയത്. രോഗിയുടെ വൻകുടൽ സാധാരണ നിലയിലാവാൻ മാസങ്ങൾ വേണ്ടി വരും. ഇയാൾ ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മരുന്നകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ഇത്രയും കാലത്തെ അനുഭവത്തിൽ ഇത്തരം ഒരു സംഭവം ഇതാദ്യമാണെന്നും എങ്ങനെയാണ് കുപ്പിഗ്ലാസ് വൻകുടലിൽ എത്തിയതെന്നുള്ള ചോദ്യത്തിന് രോഗിയുടെ വീട്ടുകാർ പോലും പ്രതികരിക്കുന്നില്ലെന്നും മുതിർന്ന ഡോക്ടർമാർ അറിയിച്ചു.
English summary: Glass Tumbler Removed From Man’s Colon. Doctors Wonder How It Reached There














