തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിനും തിരുവിതാംകൂർ രാജകുടുംബത്തിനുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ തിരുവനന്തപുരം സ്വദേശി ഗൗതം അറസ്റ്റിലായി.
ചരിത്രകാരൻ എം.ജി. ശശിഭൂഷണിന്റെ മകനായ ഗൗതമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലെ കുറിപ്പിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി ഗൗതമിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനായി ഇവ ഫൊറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഗൗതമിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.















