നൂറോളം കണ്ടെയ്നറുകളിലായി തങ്ങളുടെ രാജ്യത്തേക്ക് അനധികൃതമായി ഇറക്കുമതി ചെയ്ത ആയിരക്കണക്കിന് ടൺ മാലിന്യം ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു. സമ്പന്നരാജ്യങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ അടുത്തിടെയായി പല ഏഷ്യൻ രാജ്യങ്ങളും തിരിച്ചയക്കാറുണ്ട്. ഉപയോഗിച്ച മെത്തകൾ, പരവതാനികൾ, ചവിട്ടികൾ തുടങ്ങീ ഉപയോഗശൂന്യമായ സാധനങ്ങൾ 2017നും 2019നും ഇടയിൽ ബ്രിട്ടനിൽ നിന്നും ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
മോർച്ചറികളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, മൃതദേഹങ്ങളിലെ ശരീര ഭാഗങ്ങൾ, ജൈവമാലിന്യങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടാറുണ്ട്. ശീതീകരിച്ച അവസ്ഥയിലായിരുന്നില്ല പല കണ്ടെയ്നറുകളും. ചിലതിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചിരുന്നതായും അധികൃതർ പറയുന്നു. കൊളംബോയിലെ തുറമുഖത്താണ് കണ്ടെയ്നറുകൾ എത്തിച്ചത്. 263 കണ്ടെയ്നറുകളിലായി 3000 ടൺ മാലിന്യമാണ് ഉണ്ടായിരുന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കളും മാലിന്യങ്ങളും ഇറക്കുമതി ചെയ്യാൻ ഇനിയും ശ്രമങ്ങൾ ഉണ്ടായേക്കാമെന്നും, എന്നാൽ ഇത് ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുമെന്നും കസ്റ്റംസ് മേധാവി വിജിത രവിപ്രിയ വ്യക്തമാക്കി.
2020 സെപ്തംബറിലും ജൈവമാലിന്യങ്ങൾ ഉൾപ്പെട്ട 21 കണ്ടെയ്നറുകൾ തിരിച്ചയച്ചിരുന്നുവെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ഉപയോഗിച്ച വസ്തുക്കൾ പുനരുപയോഗിക്കാവുന്ന സാധനങ്ങൾ നിർമ്മിക്കാൻ എന്ന് അവകാശപ്പെട്ട് ശ്രീലങ്കയിലെ ഒരു പ്രാദേശിക കമ്പനി ബ്രിട്ടനിൽ നിന്ന് മാലിന്യങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇതിനാവശ്യമായ മെഷിനറികൾ ഒന്നും തന്നെ ആ കമ്പനിയിൽ ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് പ്ലാസ്റ്റിക്കും, മറ്റ് ഗുണനിലവാരമില്ലാത്ത സാധനങ്ങളും കണ്ടെയ്നറുകളിലാക്കി ഇവിടേക്ക് അയക്കുന്നതെന്നും ശ്രീലങ്ക വ്യക്തമാക്കി. ഫിലിപ്പീൻസ്, ഇന്തൊനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായ രീതിയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ തിരിച്ചയച്ചിട്ടുണ്ട്.
Comments