ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരതയുടെ ആധുനികമായ ചുവടുമാറ്റത്തെ ഫലപ്രദമായി നേരിടുകയാണെന്ന് സൈന്യം. സ്ഥിരം നടക്കുന്ന ഏറ്റുമുട്ടലുകളിൽ തോക്കുമായി ചാടിവീഴുന്ന ഭീകരരെ വധിക്കാൻ പ്രയാസമില്ല. അതേസമയം നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അർബൻ-വൈറ്റ് കോളർ ഭീകരതയെ എന്തുവിലകൊടുത്തും തകർക്കുമെന്ന് സൈനികമേധാവി.
‘തോക്കേന്തിയ ഭീകരനെ വധിക്കാൻ പ്രയാസമില്ല. എന്നാൽ അർബൻ വൈറ്റ് കോളർ ഭീകരരാണ് പുതിയ ഭീകരരെ സൃഷ്ടിക്കുന്നത്. അവർ എക്കാലത്തും ഭീഷണി തന്നെയാണ്. രാഷ്‌ട്രീയ അന്താരാഷ്‌ട്ര സ്വാധീനവും ആധുനിക സൗകര്യങ്ങളും പണവുമെല്ലാം ചേർന്നുള്ള ശ്രൃംഖലയാണ് ഇക്കാലത്തെ വെല്ലുവിളി.’ ചിനാർ കോർ മേധാവി ഡി.പി.പാണ്ഡെ പറഞ്ഞു.
ജമ്മുകശ്മീരിലെ ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ ഏതറ്റംവരേയും പോകാൻ സൈന്യം എന്നും തയ്യാറാണ്. സാധാരണക്കാരന്റെ ജീവിതം ഇന്ന് ഏറെ സുരക്ഷിതമാണ്. യുവാക്കൾ ഭീകരത വഴി ഇന്ന് തിരഞ്ഞെടുക്കുന്നില്ല. അതേ സമയം നഗരകേന്ദ്രീകൃതമായി ചെറുപ്പക്കാരെ ലക്ഷ്യമിടുന്ന രീതികൾ പുതിയ രൂപവും ഭാവവും കൈവരിക്കുന്നു. ഇത് സൈന്യം തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നും ചിനാർ കോർ മേധാവി പറഞ്ഞു.
നഗരങ്ങളിലും ഗ്രാമങ്ങളിലും ജനജീവിതം ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഭീകരരെ കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിൽ ഗ്രാമങ്ങളിലെ ജനത കൂടുതൽ ജാഗ്രതയും ധൈര്യവും കാണിക്കുന്നുവെന്നും പാണ്ഡെ പറഞ്ഞു.
Comments