മല്ലിയില ഫ്‌ളേവറിൽ ഐസ്‌ക്രീമുമായി പ്രമുഖ ബ്രാൻഡ്; വല്ലാത്ത വെറൈറ്റി ആയി പോയെന്ന് ആളുകൾ

Published by
Janam Web Desk

കുട്ടിക്കാലത്തെ ഓർമ്മകളിൽ എപ്പോഴുമുള്ളതാണ് ഐസ്‌ക്രീം കൊതിയോടെ നുണയുന്നത്. കുട്ടിക്കാലത്ത് മാത്രമല്ല മുതിർന്നാലും ഐസ്‌ക്രീം കൊതി വിടാത്തവരാണ് നമ്മൾ. പല പല ഫ്‌ളേവറുകളിൽ, വലുപ്പത്തിൽ, തണുത്തുറഞ്ഞ ഐസ്‌ക്രീം അങ്ങനെ വായിൽ കപ്പലോടിപ്പിക്കുന്നു. ചെറിയ കോണുകളിൽ വിളമ്പിയിരുന്ന ഐസ്‌ക്രീം ഇന്ന് പുട്ട് ഐസ്‌ക്രീം വരെ ആയി മാറി

രുചിയിലും നിറത്തിലും വരെ മാറ്റങ്ങൾ അനവധിയാണ് ഐസ്‌ക്രീമിൽ. ഏറ്റവും ഒടുവിൽ ഐസ്‌ക്രീമിലേക്ക് പുത്തൻ ഫ്‌ളേവർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഭക്ഷണ ബ്രാൻഡ് ആയ മക്‌ഡെണാൾഡ്‌സ്.ഇവർ അവതരിപ്പിച്ച പുതിയ ഫ്‌ളേവർ ഏതാണെന്ന് അറിയുമ്പോഴാണ് മൂക്കത്ത് വിരൽ വെച്ച് പോവുക. മക്‌ഡോണാൾഡ്‌സ് വിൽക്കുന്ന പുത്തൻ ഐസ്‌ക്രീം ഏതെന്നോ? മല്ലിയിലയുടെ രുചിയുള്ള ഐസ്‌ക്രീം.

മെനുവിലെ പുത്തൻ ഐസ്‌ക്രീമിന് മല്ലി സൺഡേ ഐസ്‌ക്രീം (Cilantro Sundae) എന്നാണ് പേര്.മക്‌ഡെണാൾഡ്‌സ് ഈ ഐസ്‌ക്രീം ലിമിറ്റഡ് എഡിറ്റിഷനാണ്. അതായത് കുറച്ച് കാലത്തേക്ക് മാത്രമേ ഇത് വാങ്ങാനാവൂ എന്നർത്ഥം.അയ്യേ മല്ലിയില ഐസ്‌ക്രീം ആര് വാങ്ങിക്കാനാണ് എന്ന് പറയാൻ വരട്ടെ, ഇവിടെ ഒന്നും അല്ല, അങ്ങ് ചൈനയിലാണ് കമ്പനി പുതിയ ഫ്‌ളേവർ അവതരിപ്പിച്ചിരിക്കുന്നത്.

ചൈനീസ് വിഭവങ്ങളിലെ പ്രധാനിയാണ് മല്ലിയില.പ്രധാന വിഭവങ്ങളിൽ തുടങ്ങി പാനീയങ്ങളിൽ വരെ മല്ലിയിലയുടെ സാന്നിധ്യം കാണാം. അതായത് ചൈനീസുകാർ ഏറ്റവും ഇഷ്ടപ്പെടുന്ന ഫ്‌ളേവർ ആണ് മല്ലിയിലയുടേതെന്ന് ചുരുക്കം. എന്തായാലും മല്ലിയില ഫ്‌ളേവർ ഐസ്‌ക്രീം ഇപ്പോൾ ചൈനയിൽ ഹിറ്റായിക്കഴിഞ്ഞു.

Share
Leave a Comment