പാരീസ്: ജീവിതച്ചെലവിലെ വര്ധനയ്ക്കും സര്ക്കാരിന്റെ നയങ്ങള്ക്കുമെതിരെ ഫ്രാന്സില് നടന്ന രാജ്യവ്യാപക പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. പാരീസ് ഉള്പ്പെടെയുള്ള നഗരങ്ങളില് പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. തീവെപ്പ്, കടകള് കൊള്ളയടിക്കല്, പൊതുമുതല് നശിപ്പിക്കല് തുടങ്ങിയ സംഭവങ്ങളും റിപ്പോര്ട്ട് ചെയ്തു. സംഘര്ഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 1,200ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല് നശിപ്പിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്നവര്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ് മുന്നറിയിപ്പ് നല്കി.
വിദ്യാഭ്യാസ മേഖലയിലെ മോശം സാഹചര്യങ്ങള്, ജോലിസ്ഥലങ്ങളിലെ പ്രശ്നങ്ങള്, പോലീസിന്റെ നടപടികള് എന്നിവയ്ക്കെതിരെ വിദ്യാര്ഥികള് ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് വലിയ ജനകീയ പ്രക്ഷോഭമായി മാറിയത്. വിദ്യാര്ഥികള്ക്കൊപ്പം അധ്യാപകര്, തൊഴിലാളി യൂണിയനുകള്, കര്ഷകര്, പെന്ഷന്കാര്, യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭാവികള് തുടങ്ങിയവരും പ്രതിഷേധത്തില് പങ്കെടുത്തു. സിജിടി ട്രേഡ് യൂണിയന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി 5.5 ലക്ഷം പേര് പ്രതിഷേധങ്ങളില് അണിനിരന്നു. പാരീസില് മാത്രം ഒരു ലക്ഷത്തിലധികം പേര് തെരുവിലിറങ്ങി. പലയിടങ്ങളിലും പ്രകടനങ്ങള് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.
സമാധാനപരമായി മുന്നേറിയ പ്രകടനങ്ങള്ക്കിടെ മുഖംമൂടി ധരിച്ച ചിലര് പോലീസിന് നേരെ പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിഞ്ഞതായി റിപ്പോര്ട്ടുകളുണ്ട്. ഇതിന് പിന്നാലെ അക്രമികളെ നിയന്ത്രിക്കാന് പോലീസ് കണ്ണീര്വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിവിധ നഗരങ്ങളില് തെരുവുകളില് നിര്ത്തിയിട്ടിരുന്ന വാഹനങ്ങള്ക്കും ബാരിക്കേഡുകള്ക്കും തീയിട്ടു. പാരീസില് കടകളും റെസ്റ്റോറന്റുകളും തകര്ക്കുകയും ഒരു ബാറിന് തീയിടുകയും ചെയ്തു. പലയിടത്തും കടകള് കൊള്ളയടിക്കപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല് മാക്രോണിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറുമെന്ന് ചില പ്രതിഷേധക്കാര് ഭീഷണിപ്പെടുത്തിയതായും റിപ്പോര്ട്ടുകളുണ്ട്.
ബോര്ഡോ നഗരത്തില് ആപ്പിള് സ്റ്റോറുകളുടെയും ആഡംബര ഫാഷന് ബ്രാന്ഡുകളായ ലൂയി വിറ്റോണ്, ഹെര്മസ് എന്നിവയുടെ ഷോറൂമുകളുടെയും ചില്ലുകള് തകര്ത്ത് കൊള്ള നടത്തിയതായി റിപ്പോര്ട്ടുണ്ട്. ലിമോഷില് നഗരസഭാ കാര്യാലയം ഉള്പ്പെടെയുള്ള പൊതുമന്ദിരങ്ങള്ക്ക് തീയിട്ടതിനെത്തുടര്ന്ന് ഒരു കെട്ടിടത്തിന്റെ മേല്ക്കൂരയുടെ ഭാഗം തകര്ന്നുവീണു. മാര്സെയിലിലെ നഗരസഭാ കാര്യാലയത്തിലും അക്രമികള് നാശനഷ്ടങ്ങള് വരുത്തി. മുനിസിപ്പല് ആസ്ഥാനത്ത് അതിക്രമിച്ചുകയറിയ സംഘം ഫ്രാന്സിന്റെ ദേശീയ പ്രതീകമായ മരിയാനെയുടെ അര്ധകായ പ്രതിമ തകര്ത്തു. ടെലിവിഷന് സെറ്റുകള് തല്ലിത്തകര്ക്കുകയും ചുവരുകളില് ചിഹ്നങ്ങള് സ്പ്രേ പെയിന്റ് ചെയ്യുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ലിയോണിലെ വിനോദസഞ്ചാര കേന്ദ്രത്തിനും തീയിട്ടു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില് 60 പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. ഇതില് ബോധരഹിതരായ രണ്ടുപേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സെയിന്റ് എറ്റിയെനില് പോലീസ് ഉപയോഗിച്ച സുരക്ഷാ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പ്രതിഷേധക്കാരന്റെ കൈ നഷ്ടപ്പെട്ടതായും റിപ്പോര്ട്ടുണ്ട്. അക്രമസംഭവങ്ങളെ അപലപിച്ച പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ്, അക്രമികള്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.















