ന്യൂഡൽഹി: ഇന്ത്യൻ സംഘവുമായി യുക്രെയ്നിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തും. രാത്രി 10.15 ഓടെയാകും വിമാനം ഡൽഹിയിലെത്തുക. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം കഴിഞ്ഞ ദിവസം എത്തിയിരുന്നു. റഷ്യൻ അധിനിവേശ ശ്രമം നടക്കുന്നതിനിടെ മുൻകരുതലായിട്ടാണ് വിദ്യാർത്ഥികളേയും ജോലിചെയ്യുന്നവരേയും ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്.
എഐ1946 ഡ്രീംലൈനർ ബോയിംഗ് ബി 787 വിമാനത്തിൽ 242 യാത്രക്കാരാണ് കഴിഞ്ഞ ദിവസം എത്തിയത്. മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രെയ്ൻ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
റഷ്യ ഏത് നിമിഷത്തിലും ശക്തമായ ആക്രമണം യുക്രെയ്നിൽ നടത്താൻ സാദ്ധ്യതയുണ്ട്. റഷ്യയുടെ നടപടി അന്താരാഷ്ട്ര സമാധാന നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ രാജ്യങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രെയ്നിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
Comments