കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മറ്റ് അംഗങ്ങൾ ഇടുന്ന പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. കുറ്റകരമായ ഉള്ളടക്കങ്ങൾ മറ്റുള്ളവർ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഗ്രൂപ്പ് അംഗം അയക്കുന്ന സന്ദേശം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ മയപ്പെടുത്താനോ അഡ്മിന് സാധിക്കില്ല. വാട്‌സ്ആപ്പ് പോലെയുള്ള മെസേജിങ് സേവന ആപ്പിൽ ഗ്രൂപ്പ് അംഗം ഇടുന്ന നിയമവിരുദ്ധ പോസ്റ്റിന്റെ പേരിൽ അഡ്മിനെ കുറ്റക്കാരനാക്കുന്ന നിയമവ്യവസ്ഥകൾ ഇല്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിന്റെ പേരിൽ എറണാകുളം കോടതിയിലുള്ള പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഫ്രണ്ട്‌സ് എന്ന് പേരുള്ള ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു മാനുവൽ. ഗ്രൂപ്പിലെ ഒരംഗം അശ്ലീല വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് മാനുവലിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുന്ന കാര്യങ്ങൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയാകില്ലെന്ന് ബോംബെ, ദില്ലി ഹൈക്കോടതികളും ഉത്തരവിട്ടിട്ടുണ്ട്.
വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും അംഗങ്ങളും തമ്മിൽ യജമാനൻ-ജോലിക്കാരൻ ബന്ധമോ തലവൻ-ഏജന്റ് ബന്ധമോ ഇല്ലെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണ് അഡ്മിന് കൂടുതലായി ഉള്ളതെന്നും ബോംബെ ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.















