ന്യൂഡൽഹി : യുക്രെയ്നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രധാന പരിഗണന നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം തന്നെ 4000 ഇന്ത്യക്കാരെ യുക്രെയ്നിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിലേക്ക് 980 ഫോൺ കോളുകളും, 850 ഇ- മെയിലുകളും വന്നു. യുക്രെയ്നിലുണ്ടാകുന്ന് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ നടപടികൾ ഒരു മാസം മുൻപുതന്നെ ആരംഭിച്ചിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ പ്രകാരം 20,000 ഇന്ത്യക്കാരാണ് യുക്രെയ്നിൽ ഉള്ളത്.
യുക്രെയ്നിലെ ഇന്ത്യൻ എംബസി മുഴുവൻ സമയവും പ്രവർത്തിച്ചുവരികയാണ്. സാഹചര്യത്തിനനുസരിച്ച് നിർദ്ദേശങ്ങൾ നൽകുന്നതിനായി കൂടുതൽ ഉപദേഷ്ടാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർവ്വകലാശാലകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ശൃംഗ്ല വ്യക്തമാക്കി.
നിലവിലെ സാഹചര്യം വളരെ സങ്കീർണമാണ്. ക്ലാസുകൾ ഓൺലൈൻ ആക്കാൻ എല്ലാ സർവ്വകലാശാലകളോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്നിലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ആവശ്യമായതെല്ലാം വിദേശകാര്യമന്ത്രാലയം ചെയ്യുന്നുണ്ട്. കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ പോളണ്ട്, റൊമാനിയ, സ്ലോവാക്കിയ, ഹംഗറി, എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്ന റിപ്പോർട്ടും അദ്ദേഹം സ്ഥിരീകരിച്ചു. യുക്രെയ്നിലെ നിലവിലെ സാഹചര്യത്തിന് അനുസരിച്ചാകും പ്രധാനമന്ത്രിയും പുടിനും തമ്മിലുള്ള സംഭാഷണം. അതിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കുക എളുപ്പമല്ല. എല്ലാ മുൻകരുതൽ നടപടികളോടും കൂടിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. കീവിൽ നിന്നും റോഡ് മാർഗ്ഗം ഇന്ത്യക്കാരെ മാറ്റുന്നതിനുള്ള പാതയുൾപ്പെടെ തീരുമാനിച്ചു. യുക്രെയ്നിലെ പ്രതിരോധമന്ത്രാലയവുമായി അടിക്കടി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്കാരെ വ്യോമമാർഗ്ഗം രാജ്യത്തേക്ക് കൊണ്ടുവരാൻ സാദ്ധ്യമാണോയെന്നാണ് പരിശോധിക്കുന്നത്.
റഷ്യയ്ക്കെതിരെ ബ്രിട്ടൺ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ പോലുള്ള രാജ്യങ്ങൾ ചില ഉപരോധങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. ഇന്ത്യയുടെ താത്പര്യത്തെ എങ്ങിനെയെല്ലാം ഈ തീരുമാനം ബാധിക്കുമെന്ന് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments