റാഞ്ചി: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കിണറ്റിലിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുസാഫർ അൻസാരി എന്നയാളാണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ബുധനാഴ്ചയാണ് ഇരുപത്തിയൊന്നുകാരിയായ ദളിത് യുവതി പീഡനത്തിനിരയായത്. ജാർഖണ്ഡിലെ ദോംചഞ്ച് പ്രദേശത്താണ് സംഭവം.
വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയ യുവതിയെ പട്ടാപ്പകൽ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളുകയായിരുന്നു. കേസിലെ പ്രതിയായ അൻസാരിയാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ രണ്ട് സുഹൃത്തുകളും യുവതിയെ പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും, സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കിണറ്റിൽ നിന്നും ആരോ കരയുന്നത് കേട്ട് അവിടെ എത്തിയ നാട്ടുകാർ യുവതിയെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് യുവതി നടന്ന സംഭവങ്ങൾ അമ്മയോട് പറയുകയായിരുന്നു. ഉടൻ തന്നെ യുവതിയുടെ മാതാപിതാക്കൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കേസിൽ മുഖ്യപ്രതിയായ അൻസാരിയെ യുവതി തിരിച്ചറിഞ്ഞിരുന്നു. മറ്റ് രണ്ട് പേരുടെ മുഖം ഓർമ്മയില്ലെന്നാണ് യുവതി മൊഴി നൽകിയത്.
Comments