കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച ഗുണ്ട ജോമോനെ തടങ്കലിലാക്കി. ഇയാൾക്കെതിരെ കാപ്പ ചുമത്തിയതിന് പിന്നാലെയാണ് തടങ്കലിലാക്കിയത്. നേരത്തെ ഇയാൾക്ക് ജില്ലാ കളക്ടർ കാപ്പയിൽ ഇളവ് നൽകിയത് വലിയ വിവാദം ആയിരുന്നു.
നിലവിൽ കൊലക്കേസിൽ റിമാൻഡിലാണ് ജോമോൻ. ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ജനുവരിയിലാണ് മാങ്ങാനത്ത് സ്വദേശിയായ ഷാൻ ബാബു എന്ന 19 കാരനെ ജോമോൻ കൊലപ്പെടുത്തിയത്. രാത്രി വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയ ശേഷം ഷാനെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷന്റെ മുൻപിൽ കൊണ്ടിട്ടു. ഉടനെ പോലീസുകാർ ചേർന്ന് ഷാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാപ്പയിൽ ഇളവ് നൽകിയതിന് ശേഷമാണ് ജോമോൻ ജില്ലയിൽ പ്രവേശിച്ച് കൃത്യം നടത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും കാപ്പ ചുമത്തി തടങ്കലിൽ ആക്കിയത്.
Comments