മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ മാദ്ധ്യമങ്ങൾക്ക് മോണിറ്റൈസേഷൻ നൽകുന്നത് നിർത്തലാക്കി യൂട്യൂബും. നേരത്തെ മെറ്റ കമ്പനി ഫേസ്ബുക്കിൽ നിന്നുള്ള മോണിറ്റൈസേഷൻ നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ ഔട്ട്ലെറ്റ് ആർ.ടിക്കും മറ്റ് റഷ്യൻ ചാനലുകൾക്കും ലഭിക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനമാണ് യൂട്യൂബ് നിർത്തലാക്കിയത്.
‘അസാധാരണ സാഹചര്യങ്ങൾ’ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളും റഷ്യയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റഷ്യൻ ചാനലുകൾക്ക് യൂട്യൂബ് വഴി വരുമാനം നൽകുന്നത് നിർത്തലാക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചു. റഷ്യൻ സർക്കാരിന്റെ മീഡിയ ഔട്ട് ലെറ്റ് ആർ.ടിയുടെ എഡിറ്റർ-ഇൻ-ചീഫ് മാർഗരിറ്റ സിമോണിയൻ ഉൾപ്പെടെയുള്ള വ്യക്തികൾക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
മോണിറ്റൈസേഷൻ വിലക്ക് ലഭിച്ച യൂട്യൂബ് ചാനലുകളിൽ നിന്നുള്ള വീഡിയോകൾ ഇനിമുതൽ റെക്കമൻഡ് ചെയ്യപ്പെടുന്നതും കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. യൂട്യൂബിന്റെ വക്താവ് ഫർഷാദ് ഷാദ്ലൂവാണ് ഇക്കാര്യം അറിയിച്ചത്. ആർടിയുടേയും മറ്റ് നിരവധി റഷ്യൻ ചാനലുകളുടേയും വീഡിയോകൾ ഇനിമുതൽ യുക്രെയ്‌നിൽ ലഭ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. റഷ്യ 24, ടാസ്, റിയ നൊവോസ്റ്റ് പോലുള്ള റഷ്യൻ പ്രൊപ്പഗണ്ട ചാനലുകളിലെ വീഡിയോകൾക്കാണ് ഇതോടെ യുക്രെയ്‌നിൽ നിരോധനം വന്നത്.
ഇതിനിടെ് വ്ളാഡിമർ പുടിനെതിരായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ശക്തമായതോടെ റഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുദ്ധത്തിന്റെ ഭീകരതയും ദൈന്യതതയും ചൂണ്ടിക്കാട്ടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നതിലൂടെ റഷ്യൻ ജനതയ്‌ക്കിടയിൽ പുടിനെതിരായ വികാരം ഉയർന്നേക്കാമെന്ന ഭയത്താലാണ് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയതെന്നും വിമർശനമുണ്ട്.















