പാലക്കാട് : ഓപ്പറേഷൻ ഗംഗയുടെ പരിമിതികൾ പെരുപ്പിച്ച് കാട്ടുന്ന മാദ്ധ്യമങ്ങളെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇതിൽ നിന്നും മലയാളി മാദ്ധ്യമങ്ങൾ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് കുറുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലമ്പുഴയിൽ മലയിൽ കയറി കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നവരാണ് നമ്മൾ മലയാളികൾ . രണ്ടു ദിവസത്തോളം മലയിൽ കുടുങ്ങിയ ബാബുവിന് വെള്ളം പോലും എത്തിച്ചു നൽകാൻ കഴിഞ്ഞിരുന്നില്ല . വെള്ളവും ഭക്ഷണവും കിട്ടിയില്ല എന്ന് ബാബു പരാതിയും പറഞ്ഞില്ല . ജീവൻ തിരിച്ചുകിട്ടിയതിന് ഇന്ത്യൻ സൈന്യത്തിന് നന്ദി പറയുകയാണ് ബാബു ചെയ്തത് .
യുക്രെയ്നിൽ യുദ്ധ മുഖത്ത് നമ്മുടെ ആയിരക്കണക്കിന് സഹോദരങ്ങൾ കുടുങ്ങി കിടക്കുകയാണ് . ബാബുവിനെ മലയിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ ദുർഘടമാണ് യുക്രെയ്നിലെ രക്ഷാ പ്രവർത്തനം എന്ന് എല്ലാവർക്കുമറിയാം . ലോകത്തെ പ്രധാനപ്പെട്ട സൈനിക ശക്തികളിൽ ഒന്ന് റഷ്യ , മറ്റൊരു പരമാധികാര രാജ്യമായ യുക്രെയ്നിന്റെ സൈന്യവുമായി യുദ്ധം ചെയ്യുകയാണ് . ഇറാഖിലെയോ അഫ്ഗാനിസ്ഥാനിലെയോ യെമനിലെയോ ഇവാക്വേഷൻ നടപടി പോലെ അനായാസമല്ല യുക്രെയ്നിലേത് എന്ന യാഥാർഥ്യം എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് കിട്ടിയ ചാൻസിൽ ഗോളടിക്കണമെന്ന ദുഷ്ടലാക്ക് വച്ച് നരേന്ദ്രമോദി സർക്കാരിനെ ആക്ഷേപിക്കുന്ന പരിപാടിയിൽ നിന്ന് മലയാള മാദ്ധ്യമങ്ങൾ പിന്മാറണം. യുക്രെയ്നിലെ ഇന്ത്യൻ സമൂഹത്തെ രക്ഷിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിദേശകാര്യ വകുപ്പ് . കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ മലയാളികളായ രക്ഷിതാക്കളുമായി നേരിട്ട് സംസാരിക്കുകയും ഇവാക്വേഷൻ നടപടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു.
അവസാനത്തെ ഇന്ത്യക്കാരനേയും യുക്രെയ്നിൽ നിന്ന് നരേന്ദ്രമോദി സർക്കാർ തിരികെ കൊണ്ടുവരും . ഒരു സംശയവും വേണ്ട. എംബസിയും വിദേശകാര്യ മന്ത്രാലയവും നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കുക മാത്രമാണ് ഇപ്പോൾ കരണീയമായിട്ടുള്ളത് .
Comments