തിരുവനന്തപുരം: യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എല്ലാവരും യാത്രയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കീവിൽ കർഫ്യു ഒഴിവാക്കിയിട്ടുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്നവർക്ക് റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ട്. യുക്രെയ്ൻ റെയിൽവേ നടത്തുന്ന പ്രത്യേക ട്രെയിൻ സർവീസുകളുടെ പ്രയോജനം എല്ലാ മലയാളി വിദ്യാർത്ഥികളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കീവിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങണമെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ വാരാന്ത്യ കർഫ്യു അവസാനിച്ചതിനെ തുടർന്ന് കീവിൽ നിരവധി പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്ക് നേരെ ആക്രമണവും തെരുവിൽ സംഘർഷ സ്ഥിതിയും ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദ്ദേശം. യുക്രെയ്ൻ സർക്കാർ രക്ഷാദൗത്യത്തിനായി പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,
യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കീവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടത്തെ റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് യുക്രൈന് റയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണം.
Comments