കീവ്: കരിങ്കടലിൽ യുക്രെയ്ന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്നേക്ക് ഐലൻഡ് റഷ്യ കീഴടക്കിയിരുന്നു. ദ്വീപിൽ നിയോഗിക്കപ്പെട്ടിരുന്ന 13 അതിർത്തി രക്ഷാ സൈനികരേയും റഷ്യൻ സേന വധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യൻ സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും, അവയെല്ലാം അവഗണിച്ച് സൈന്യത്തെ ചീത്ത വിളിച്ച യുക്രെയ്ൻ സൈനികരെ സമൂഹമാദ്ധ്യമങ്ങളടക്കം പ്രകീർത്തിച്ചിരുന്നു. എന്നാൽ, കൊല്ലപ്പെട്ടെന്നു കരുതിയ സൈനികർ ജീവനോടെയുണ്ടെന്ന സ്ഥിരീകരിച്ചിരിക്കുകയാണ് യുക്രെയ്ൻ.
‘ഞങ്ങളുടെ സഹോദരന്മാർ ജീവനോടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. റഷ്യൻ അധിനിവേശം തടയാൻ ശ്രമിച്ചെങ്കിലും, ദ്വീപിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അവർക്ക് അധികനേരം പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ദ്വീപിലുണ്ടായിരുന്ന 13 സൈനികരും ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ പിടിയിലാണ്’ യുക്രെയ്ൻ നാവിക സേന അറിയിച്ചു.
1991ൽ സോവിയറ്റ് യൂണിയനിന്റെ തകർച്ചയോടെയാണ് ഈ ദ്വീപ് യുക്രെയ്ന് ലഭിക്കുന്നത്. യുക്രെയ്നിലെ ഒഡേസ അഡ്മിനിസ്ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി യുക്രെയ്നും ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കിയതായി യുക്രെയ്ൻ തീരരക്ഷ സേനയും അറിയിച്ചിരുന്നു. ദ്വീപിലുണ്ടായിരുന്ന സൈനികരോട് കീഴടങ്ങാൻ റഷ്യൻ സൈന്യം ആവശ്യപ്പെടുകയും എന്നാൽ ഇതിന് വിസമ്മതിച്ച 13 യുക്രെയ്ൻ സൈനികരുടെയും ശബ്ദരേഖ പുറത്തുവന്നിരുന്നു.
Comments