ഗോരഖ്പൂർ: മഹാശിവരാത്രിയോടനുബന്ധിച്ച് ഗോരഖ്നാഥ് ക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിനിടയിൽ ഇത്തവണത്തെ മഹാശിവരാത്രിയിൽ പ്രധാന തീർത്ഥ സ്ഥാനങ്ങളിലും യോഗി ഇന്ന് സന്ദർശനം നടത്തും. ഗംഗാതീരത്ത് നിരവധി പേരാണ് അതി രാവിലെ മുതൽ പുണ്യസ്നാനം നടത്തി ശിവഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നത്. പ്രത്യേക പൂജകളും ബലിതർപ്പണങ്ങളും ചെയ്താണ് ഭക്തർ മടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും രാജ്യത്തെ ജനങ്ങൾക്ക് മഹാശിവരാത്രി ആശംസകൾ നേർന്നു.
ഗോരഖ്നാഥ് ക്ഷേത്രത്തിൽ പുരോഹിത ചുമതല കൂടിയുള്ള യോഗി ആദിത്യനാഥ് നേരിട്ടാണ് പൂജാദികർമ്മങ്ങൾ നിർവ്വഹിച്ചത്. ലോകനന്മയ്ക്കായും ക്ഷേമത്തിനായും മഹാശിവരാത്രി നാളിൽ ശിവഭഗവാനോട് പ്രാർത്ഥിക്കുന്നതായി യോഗി ആദിത്യനാഥ് പറഞ്ഞു. ഹൈന്ദവ പാരമ്പര്യമനുസരിച്ച് മഹാശിവരാത്രി ചടങ്ങുകൾ ഏറെ വിശേഷപ്പെട്ടതാണ്. ഉപവാസത്തോടെ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ഭക്തർ ജപങ്ങളും കീർത്തനങ്ങളുമായി കഴിഞ്ഞു കൂടുന്ന ആഘോഷമെന്ന നിലയിൽ മഹാശിവരാത്രി വലിയ കൂട്ടായ്മകളാണ് സൃഷ്ടിക്കുന്നത്.
ക്ഷേത്രങ്ങൾക്ക് പുറമേ നിരവധി ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും സന്യാസി സമൂഹങ്ങളും അവരവരുടെ കേന്ദ്രങ്ങളിൽ പ്രത്യേക പൂജകളും നാമജപങ്ങളും രണ്ടു ദിവസം മുന്നേ ആരംഭിച്ചുകഴിഞ്ഞു. ജമ്മുകശ്മീരിലടക്കം ഏറെ പ്രധാന്യത്തോടെയാണ് ഇത്തവണ മഹാശിവരാത്രി ആഘോഷം നടക്കുന്നത്. കൊറോണ വ്യാപനം പ്രതിരോധത്തിൽ രാജ്യം ഏറെ മുന്നോട്ട് പോയതിനാൽ തീർത്ഥാടക കേന്ദ്രത്തിലെ പ്രവേശനങ്ങളിൽ ഇളവ് അനുവദിച്ചതും ഭക്തർക്ക് ഗുണമായിട്ടുണ്ട്.
Comments