കീവ് : യുക്രെയ്നെതിരെ റഷ്യ ശക്തമായ ആക്രമണത്തിന് തയ്യാറായതായി സൂചന. മന്ദഗതിയിലായിരുന്ന റഷ്യൻ മുന്നേറ്റത്തിന് ശക്തി പകരാൻ കടുത്ത മിസൈൽ ആക്രമണങ്ങളാണ് റഷ്യ ഇപ്പോൾ യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ നടത്തുന്നത്. യുക്രെയ്ൻ തലസ്ഥാനത്തെ ടെലിവിഷൻ ടവർ റഷ്യ മിസൈൽ ഉപയോഗിച്ച് തകർത്തുവെന്നാണ് ഏറ്റവും പുതിയതായി ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കീവിനു പുറത്ത് കിലോമീറ്ററുകളോളം നീളത്തിൽ റഷ്യൻ സൈനിക നീക്കമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വലിയ കവചിത വാഹനങ്ങളും ടാങ്കുകളും സൈനിക വ്യൂഹത്തിലുണ്ട്. ചെറിയ ചെറിയ സംഘങ്ങളായി കീവിലെത്തിയ റഷ്യൻ സൈനികരെ യുക്രെയ്ൻ ആക്രമിച്ച് തകർത്തതിനെ തുടർന്നാണ് ശക്തമായ സൈനിക നടപടിക്ക് റഷ്യ തയ്യാറെടുത്തത്.
യുക്രെയ്ൻ ആണവായുധങ്ങൾ ശേഖരിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യമന്ത്രി ആരോപിച്ചിരുന്നു. അങ്ങനെയെങ്കിൽ കടുത്ത നടപടികൾ എടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ ശക്തികളുടെ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് റഷ്യൻ പ്രതിരോധമന്ത്രിയും വ്യക്തമാക്കിയിരുന്നു. റഷ്യക്കെതിരെയുള്ള ഭീഷണി ഒഴിയുന്നതു വരെ യുക്രെയ്ൻ ആക്രമണം തുടരുമെന്നും റഷ്യൻ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments