കൊല്ലം : മേയാൻവിട്ട പശുക്കളെ മോഷ്ടിച്ച് കൊന്ന് കറിവെച്ച സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ രെജീഫ് മോഷണ മുതലിന്റെ പങ്ക് പോലീസുകാർക്ക് പങ്കുവെച്ചിരുന്നതായി വിവരം. ഇക്കാരണത്താലാണ് തുടർച്ചയായി പരാതികൾ ഉയർന്നുവന്നപ്പോഴും രെജീഫിനെ പോലീസ് സംശയിക്കാതിരുന്നത്. മോഷ്ടിച്ച മൃഗങ്ങളുടെ ഇറച്ചി പാകം ചെയ്ത് കറിയാക്കിയാണ് ഇയാൾ പോലീസുകാർക്ക് വിതരണം ചെയ്തിരുന്നത്.
കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾ ഇറച്ചിക്കറി വിതരണം ചെയ്യാറുണ്ട്. പോലീസുകാർക്ക് പുറമേ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ഇയാൾ ഇറച്ചിക്കറി നൽകിയിരുന്നു. മ്ലാവ് ആട് എന്നിവയുടെ ഇറച്ചി എന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു രെജീഫ് കറി വിതരണം ചെയ്തിരുന്നത്. ഇതിന്റെ വീഡിയോയും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗർഭിണിയായ പശുവിനെ കൊന്ന് കറിവെച്ച സംഭവത്തിൽ രെജീഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പുറമേ പിതാവ് കമറുദ്ദീൻ, ചിതറ സ്വദേശി ഹിലാരി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വിളക്കുപാറ ഓയിൽപാം എസ്റ്റേറ്റിനകത്ത് മേയാൻവിട്ട പശുവിനെയാണ് ഇവർ ചേർന്ന് കൊന്നുകറിവെച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
Comments