ആലിപ്പഴം എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും, എന്നാൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ മഴയ്‌ക്കൊപ്പം എത്തിയ കുഞ്ഞൻ അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്ര ലോകം. പേരോ, ഇനമോ ഒന്നും ഇതുവരെ പിടികിട്ടാത്ത ഒരു അജ്ഞാത ജീവിയാണ് സിഡ്‌നിയിലെ നഗരത്തിൽ മഴയ്‌ക്കൊപ്പം എത്തിയത്. കുഞ്ഞൻ ജീവിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലാകുകയും ചെയ്തു.
ഒരു ഭ്രൂണത്തോട് സാമ്യമുള്ളതാണ് ഈ ജീവിയുടെ രൂപം. ചിലയിടങ്ങളിൽ മീൻ മഴയും, തവളമഴയുമെല്ലാം പെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു ജീവിയെ കാണുന്നത് ഇതാദ്യാമായാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കടലിൽ നിന്ന് ജലം ബാഷ്പീകരിച്ച് മുകളിലേയ്‌ക്ക് പോകുമ്പോൾ സംഭവിക്കുന്നതാവാം മീൻ മഴയും, തവള മഴയുമെന്ന് വിശദീകരണം നൽകാമെങ്കിലും, ഊരും പേരും ഒന്നും അറിയാത്ത ഈ ജീവി എവിടെ നിന്നും വന്നതാണെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് ശാസ്ത്രലോകം.
മഴ തോർന്ന ശേഷം നടക്കാൻ ഇറങ്ങിയ ഒരു സിഡ്‌നിക്കാരനാണ് ജീവിയെ ആദ്യം കണ്ടത്. ഉടൻ തന്നെ അയാൾ ജീവിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഇതെന്ത് ജീവിയെന്ന് അറിയാമോ എന്ന അടിക്കുറിപ്പോടെയാണ് അയാൾ ചിത്രം പങ്കുവെച്ചത്. ചിത്രം വൈറലായതോടെ അനേകം ആളുകൾ രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ശാസ്ത്രജ്ഞർക്ക് പോലും പിടികിട്ടാത്ത ഈ ജീവി എവിടെ നിന്നാവും വന്നത് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.
ജീവിയെ ബയോളജിസ്റ്റുകൾക്ക് പോലും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏതെങ്കിലും മത്സ്യത്തിന്റെയോ, തവളയുടെയോ ഭ്രൂണമാകാം ഇതെന്നാണ് ബയോളജിസ്റ്റുകളുടെ പ്രാഥമിക നിഗമനം.















