മുന്നൂറ് വർഷം പഴക്കമുള്ള മത്സകന്യകയുടെ മമ്മി കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ. ഇതിന്റെ ഉത്ഭവം കണ്ടെത്തുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ഗവേഷകർ. വിചിത്ര വസ്തു എന്നാണ് ജപ്പാനിലെ ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ഈ വസ്തു 1700കളുടെ തുടക്കത്തിലുള്ളതാണെന്നാണ് കരുതപ്പെടുന്നത്.
യൂറോപ്പിലേയ്‌ക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടി നിർമ്മിക്കപ്പെട്ടതായിരിക്കാം ഇതെന്നും അവകാശവാദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, മത്സ്യകന്യകയുടെ മമ്മി കണ്ടെത്തിയ പെട്ടിയിൽ നിന്നും ഒരു കുറിപ്പ് ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. 1736നും 1741 ഇടയിൽ പസഫിക് സമുദ്രത്തിലെ മത്സ്യബന്ധന വലയിൽ ഇത് കുടുങ്ങിയെന്നാണ് കുറിപ്പിൽ അവകാശപ്പെടുന്നത്.
ഏകദേശം 30 സെന്റിമീറ്ററാണ് ഇതിന്റെ നീളം. കരയുന്ന തരത്തിലാണ് മത്സ്യകന്യകയുടെ മുഖം. ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഒകയാമ പ്രിഫെക്ചറിലെ ഒരു ക്ഷേത്രത്തിലെ പെട്ടിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ, ഇതുവരെ അതിന്റെ കൃത്യമായ ഉത്ഭവം കണ്ടെത്താനായിട്ടില്ല. മമ്മിഫൈ ചെയ്തിരിക്കുന്ന ഈ വസ്തുവിനെ കുറാഷിക്കി സയൻസ് ആൻഡ് ആർട്സ് സർവകലാശാലയിലെ മൃഗാശുപത്രിയിൽ സിടി സ്‌കാനിനായി അയച്ചിട്ടുണ്ട്.
ഇതൊരു യഥാർത്ഥ മത്സ്യകന്യകയാണ് എന്ന് താൻ കരുതുന്നില്ല. ഇത് ഒന്നുകിൽ യൂറോപ്പിലേക്ക് കയറ്റി അയക്കാനോ അല്ലെങ്കിൽ ജപ്പാനിലെ തന്നെ എന്തെങ്കിലും പ്രത്യേക പരിപാടിക്ക് വേണ്ടിയോ ഉണ്ടാക്കിയതാവാം എന്നാണ് ജപ്പാനിലെ ഗവേഷകർ പറയുന്നത്. മത്സ്യകന്യകയുടെ രൂപത്തിന് നഖങ്ങളും പല്ലുകളും തലയിൽ രോമവും ഉള്ളതായി തോന്നുന്നുണ്ട്. മനുഷ്യന്റെ മുഖത്തിനോട് ഏറെ സാമ്യമുണ്ട് ഈ വസ്തുവിന്റെ മുഖത്തിന്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഡിഎൻ എ ടെസ്റ്റുകൾ ഉൾപ്പെടെ നടത്തും.















