ബുഡാപെസ്റ്റ്: പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്ന പഴഞ്ചൊല്ലിനെ ഓർമിപ്പിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ് ഒരു യുവതി. 28-കാരിയായ സാൻഡ്രയാണ് അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന പ്രണയം വെളിപ്പെടുത്തിയതോടെ വാർത്തകളിൽ ഇടം പിടിക്കുന്നത്.
ഏവിയേഷൻ മേഖലയിൽ ജീവനക്കാരിയായ സാൻഡ്രയ്‌ക്ക് തന്റെ കൂടെ സദാസമയമുള്ള ഒരു കളിപ്പാട്ടത്തിനോടാണ് പ്രണയം. കൊച്ചു വിമാനത്തിന്റെ രൂപമുള്ള കളിപ്പാട്ടം. സംഗതി അതിശയോക്തിയാണെന്ന് കേൾക്കുന്നവർക്ക് തോന്നുമെങ്കിലും അത് സമ്മതിക്കാൻ സാൻഡ്ര തയ്യാറല്ല.
ഇതുവരെ തനിക്ക് കിട്ടിയ പങ്കാളികളിൽ ഏറ്റവും മികച്ചത് ലുഫാൻസ് എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന തന്റെ കളിപ്പാട്ടമാണെന്ന് സാൻഡ്ര പറയുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള സാൻഡ്ര കഴിഞ്ഞ ജനുവരിയിലാണ് കളിപ്പാട്ടവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

600 പൗണ്ട് ചിലവഴിച്ച് ഓൺലൈനായി വാങ്ങിയ കളിപ്പാട്ടമാണ് സാൻഡ്രയുടെ കൊച്ചുവിമാനം. ഇന്ത്യൻ തുക ഏകദേശം 60,796 രൂപ വരുമിത്. എന്തുകൊണ്ടാണ് ഈ പ്രണയം എന്ന് ചോദിച്ചാൽ സാൻഡ്ര്ക്ക് മറുപടിയില്ല. ഇഷ്ടമാണ്, അത്ര തന്നെയെന്ന് സാൻഡ്ര പ്രതികരിച്ചു.
അവൻ സുന്ദരനാണ്, ആത്മമിത്രമാണ്.. രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്നതും രാത്രി ഉറങ്ങാൻ നേരം ഒടുവിൽ നോക്കുന്നതും ഇവനെയാണെന്ന് കളിപ്പാട്ടത്തെ വാരിപ്പുണർന്ന് കൊണ്ട് സാൻഡ്ര പറഞ്ഞു.

കുട്ടിക്കാലം മുതലേ സാൻഡ്രയ്‌ക്ക് വിമാനങ്ങൾ ഹരമാണ്. മൂന്ന് വയസ് തികഞ്ഞ കാലത്ത് തന്നെ വിമാനങ്ങളോടുള്ള ഇഷ്ടം സാൻഡ്ര കാണിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. കൗമാരപ്രായത്തിലേക്ക് കടന്നപ്പോൾ വ്യോമയാന മേഖലയിൽ ജോലി ചെയ്യണമെന്ന് സാൻഡ്ര ആഗ്രഹിക്കാനും തുടങ്ങി.
ഇതിന് മുമ്പ് തനിക്ക് പ്രണയം ആരോടും തോന്നിയിട്ടില്ലെന്നും ലുഫാൻസ് എന്ന കളിപ്പാട്ടമാണ് തന്റെ ആദ്യ പ്രണയമെന്നും സാൻഡ്ര പറയുന്നു. ഇനി ഭാവിയിൽ ഒരു മനുഷ്യനോട് പ്രണയം തോന്നുമോയെന്ന് അറിയില്ലെന്നും സാൻഡ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.















