ജന്മം നൽകുകയെന്ന കഴിവ് സ്ത്രീകൾക്ക് മാത്രം ലഭിച്ചിട്ടുള്ളതാണ്. മനുഷ്യരായാലും മൃഗങ്ങളായാലും പ്രസവിക്കാനുള്ള ശേഷി പ്രകൃതിയനുഗ്രഹിച്ച് നൽകിയത് സ്ത്രീജനങ്ങൾക്കാണെന്നിരിക്കെ മകനെ പ്രസവിച്ച ഒരച്ഛനാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ആൺകുഞ്ഞിന് ജന്മം നൽകിയ 24-കാരനാണ് റയാൻ സാൻഡേഴ്‌സൺ. യുവാവായ റയാൻ ഗർഭം ധരിച്ചതും പ്രസവിച്ചതും ആൺകുഞ്ഞിന്റെ അച്ഛനുമായത് അവിശ്വസനീയമെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യമിതാണ്..
സ്ത്രീയായി ജനിച്ച റയാൻ തന്റെയുള്ളിൽ ഒരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെ രൂപമാറ്റത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനായി ഹോർമോൺ ചികിത്സ ആരംഭിച്ചു. ചികിത്സയാരംഭിച്ച് ഒമ്പത് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് റയാൻ ആ സത്യം മനസിലാക്കിയത്. അയാൾ പുരുഷനായി മറുന്ന പാതി വഴിയിൽ തന്നെ ഗർഭിണിയായിരുന്നു.
ഇതോടെ അദ്ദേഹം ഹോർമോൺ ചികിത്സകൾ നിർത്തി. അപ്പോഴേക്കും റയാൻ പത്ത് ആഴ്ച ഗർഭിണിയായിരുന്നു. വലിയ ഞെട്ടലോടെയാണ് റയാൻ സത്യത്തെ അംഗീകരിച്ചത്. കാരണം പുരുഷനാകാനുള്ള ഹോർമോൺ ചികിത്സയ്‌ക്കിടെ ഗർഭധാരണം പ്രാവർത്തികമാകുമെന്ന് അദ്ദേഹം കരുതിയിട്ടില്ലായിരുന്നു. ഒടുവിൽ അദ്ദേഹം പ്രസവിച്ചു. സ്തനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് മുമ്പ് തന്നെ കുഞ്ഞിനെ മുലയൂട്ടാൻ റയാന് സാധിച്ചു.
പിന്നീട് തന്റെ ഹോർമോൺ ചികിത്സ റയാൻ തുടർന്നു. സ്തനങ്ങൾ നീക്കം ചെയ്തു. കുഞ്ഞിന് രണ്ട് വയസ് പിന്നിടുമ്പോഴേക്കും അദ്ദേഹം പൂർണമായി പുരുഷനായി മാറി. ഒരിക്കലും തനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് റയാൻ പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് മകനെന്നും റയാൻ പറയുന്നു.
റയാൻ സ്ത്രീയായിട്ടാണ് ജനിച്ചതെങ്കിലും മനസ് കൊണ്ട് പുരുഷനാണെന്ന് തിരിച്ചറിഞ്ഞത് ഏഴാം വയസിലാണ്. മാഞ്ചസ്റ്റർ സ്വദേശിയാണ് റയാൻ. ട്രാൻസ് പുരുഷൻമാർക്ക് ഗർഭം ധരിക്കാൻ കഴിയുമെന്നാണ് റയാന്റെ ജീവിതം വ്യക്തമാക്കുന്നത്. ഇതിന് മുമ്പും നിരവധി ട്രാൻസ് പുരുഷന്മാർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്.















