വനിതകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും നാം സംസാരിക്കുമ്പോള്‍ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുകയാണ്. മതശാസനയുടെ വാളോങ്ങി മനുഷ്യാവകാശങ്ങളും സ്ത്രീ സ്വാതന്ത്ര്യവും ഹനിക്കുന്ന താലിബാനികള്‍ വിസ്മയമെന്ന് കരുതുന്നവര്‍ കേള്‍ക്കാതെ പോകരുത് ഈ യാഥാര്‍ത്ഥ്യങ്ങള്‍.
താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ സ്ത്രീകളുടെ വിധി നിശ്ചയിച്ച ദിനമായിരുന്നു 2021 ഓഗസ്ത് 15. വെടിയൊച്ചയും പുകയും അന്തരീക്ഷത്തെ മുഖരിതമാക്കിയ ആ കിരാത ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അഫ്ഗാനിലെ ചില വനിതകള്‍. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥ മാരി, അധ്യാപികയായ ഖദേര, സാമൂഹ്യ പ്രവര്‍ത്തക വാഹിദ അമിരി, അഫ്ഗാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനി സാല, എന്നിവര്‍ താലിബാനോട് ചെറുത്തുനിന്ന അഫ്ഗാന്‍ വനിതകളാണ്. താലിബാന്റെ കടന്നുവരവോടെ സ്ത്രീകള്‍ നേരിട്ട അനുഭവങ്ങള്‍ അവര്‍ ഡയറിക്കുറിപ്പുകളിലൂടെ പങ്കുവച്ചു. ആ തീഷ്ണാനുഭവങ്ങള്‍ ഇതാ ഇങ്ങനെയാണ്.
മാര്‍ഗരറ്റ് ആറ്റ്വുഡിന്റെ ഡിസ്റ്റോപ്പിയന്‍ നോവലിനെ അടിസ്ഥാനമാക്കിയുള്ള ടിവി സീരീസായ ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയിലില്‍ ഒരു സീനുണ്ട്, അവിടെ പ്രധാന കഥാപാത്രമായ ജൂണ്‍ ഓസ്‌ബോണ്‍ ഒരു ദിവസം രാവിലെ ഓഫീസിലെത്തി, രാജ്യത്തെ പുതിയ ഭരണാധികാരികള്‍ സ്ത്രീകളെ ജോലിസ്ഥലത്ത് നിന്ന് വിലക്കിയതായി അറിയുന്നു.
2021 ഓഗസ്റ്റ് 15-ന്, അഫ്ഗാന്‍ ആര്‍മിയിലെ സൈനിക മാരിക്ക്, ഏതാണ്ട് സമാനമായ അനുഭവമാണ് ഉണ്ടായത്. മീറ്റിംഗുകളുടെയും കോണ്‍ഫറന്‍സുകളുടെയും തിരക്കേറിയ ഒരു ദിവസം പ്രതീക്ഷിച്ച് അവള്‍ ഓഫിസിലേക്ക് പോകുകയാണ്.
വീട്ടില്‍ നിന്ന് പുറത്തേക്ക് കടക്കുമ്പോള്‍, തെരുവുകള്‍ ഭയാനകമാംവിധം ശാന്തമായിരുന്നു. ഓഫിസിലെത്തിയ മാരിയെ കണ്ട് പുരുഷന്‍മാരായ സഹപ്രവര്‍്ത്തകര്‍ നിങ്ങള്‍ എന്തിനാണ് ജോലിക്ക് വന്നതെന്ന് ചോദിച്ചു. ഇതുകേട്ട മാരി അമ്പരക്കുന്നു.
ആത്മവിശ്വാസത്തോടെ മാരി പറഞ്ഞു കാബൂള്‍ വീഴുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ മാരിയോടും വനിത സഹപ്രവര്‍ത്തകരോടും വീട്ടിലേക്ക് തിരിച്ചുപോകാന്‍ മേലധികാരി ആവശ്യപ്പെടുകയാണ്. പക്ഷെ ബോസിന്റെ വാക്കുകള്‍ നിരസിച്ച മാരി ധൈര്യപൂര്‍വ്വം ജോലി തുടര്‍ന്നു. മാരി കേവലം ഒരു സ്റ്റാഫ് മാത്രമായിരുന്നില്ല, സൈനിക റെക്കോര്‍ഡുള്ള ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയാണവര്‍.
എന്നാല്‍ താലിബാന്‍ കാബൂളില്‍ പ്രവേശിക്കുന്ന വാര്‍ത്ത വരാന്‍ തുടങ്ങിയതോടെ ബോസ് ഓഫിസ് പൂട്ടി എല്ലാവരേയും വീട്ടിലേക്ക് അയച്ചു. മാരിയും അഫ്ഗാന്‍ നാഷണല്‍ ആര്‍മിയിലെ മറ്റ് സഹപ്രവര്‍ത്തകരും താലിബാന്‍ വന്നതു മുതല്‍ ഒളിവിലാണ്. മുന്‍ സൈനികര്‍ക്കും സ്ത്രീകള്‍ക്കും താലിബാന്‍ പൊതുമാപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ മാരി അത് വിശ്വസിക്കുന്നില്ല. താലിബാനെതിരെ പോരാടിയ മാരിയുടെ സഹപ്രവര്‍ത്തകരിലൊരാള്‍ ഒരു ദിവസം അവളുടെ വാതിലില്‍ മുട്ടി. അവര്‍ നിങ്ങളെ തിരയുന്നുണ്ട്. ദയവായി രക്ഷപ്പെടാന്‍ അയാള്‍ മാരിയോട് പറഞ്ഞു.
ദീര്‍ഘകാലമായി പീഡിപ്പിക്കപ്പെടുന്ന ഷിയ ഹസാര സമുദായത്തില്‍ നിന്നുള്ളവളായതിനാല്‍ മാരി പ്രത്യേകിച്ചും ദുര്‍ബലയാണ്. മധ്യ അഫ്ഗാനിസ്ഥാനിലെ അവളുടെ കുടുംബത്തെ അടുത്തിടെ താലിബാന്‍ അവരുടെ വീട്ടില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്താക്കി. അവള്‍ക്ക് പോകാന്‍ ഒരിടവുമില്ല. എനിക്ക് എന്റെ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പട്ടിണി കിടന്ന് മരിച്ചേക്കാം, ആരും അറിയുകയില്ല,’ അവള്‍ അയാളോട് പറഞ്ഞു. അഫ്ഗാന്‍ വനിതാ സൈനികരെ അന്താരാഷ്‌ട്ര സമൂഹം മറന്നുവെന്ന് മാരി പറയുന്നു. എല്ലാ ദിവസവും അവള്‍ സഹായത്തിനായി രാജ്യത്തിന് പുറത്തുള്ള ആളുകളോട് ആവശ്യപ്പെടുന്നു. എന്നാല്‍ അവര്‍ ഭൂമിയില്‍ നിന്ന് ആകാശത്തോളം അകലെയാണെന്ന് തോന്നുന്നുവെന്നാണ് മാരി പറയുന്നത്. ഇപ്പോള്‍ മാരി കാബൂളിന് പുറത്ത് ഒരു അജ്ഞാത സ്ഥലത്ത് താമസിക്കുന്നു. അവള്‍ പോയി രണ്ട് ദിവസത്തിന് ശേഷം താലിബാന്‍ അവളെ തേടി എത്തിയിരുന്നു.
്അധ്യാപികയായ ഖതേര തന്റെ കഥ പറയുകയാണ്. സ്‌കൂളില്‍ പോകുന്നതിനായി ഖതേര ബസ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ ലഗേജുകളും കുട്ടികളുമായി ആളുകള്‍ പല ദിശകളിലേക്ക് ഓടുന്നത് അവള്‍ കണ്ടു. ഗതാഗതം സ്തംഭിച്ച നിലയിലാണ്. ഖതേര നടക്കാന്‍ തുടങ്ങി. അഫ്ഗാന്‍ സൈനികര്‍ അവരുടെ പുറകില്‍ ബാഗുകളുമായി വിമാനത്താവളത്തിലേക്ക് പോകുന്നത് അവള്‍ ശ്രദ്ധിച്ചു. ഖതേരയുടെ ഹൃദയമിടിപ്പ് കൂടുന്നു. എല്ലാവരും ‘സര്‍ഗര്‍ദാന്‍’ ആണെന്ന് അവള്‍ ആത്മഗതം ചെയ്തു. എല്ലാംനഷ്ടപ്പെട്ടു എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം.
താലിബാന്‍ അഫ്ഗാനിസ്ഥാനും കാബൂളും കടന്ന് കൃത്യം 100 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെയുള്ള മിക്ക പ്രവിശ്യകളിലും, പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോകുന്നത് നിരോധിച്ചു. സ്ത്രീകള്‍ ഇപ്പോഴും അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു, അന്താരാഷ്‌ട്ര സഹായം നഷ്ടപ്പെട്ടതിനാല്‍ സമ്പദ്വ്യവസ്ഥ തകരുകയാണ്, തണുത്ത ശൈത്യകാല താപനിലയും എത്തി. സ്‌കൂള്‍ അധ്യാപികയായ ഖതേരശമ്പളം കിട്ടിയിട്ട് ഇപ്പോള്‍ രണ്ടു മാസമായി. സ്‌കൂളിലേക്ക് മടങ്ങുന്നത് സ്വപ്നം കണ്ട് ഖതേര തണുപ്പില്‍ വീട്ടില്‍ ഇരിക്കുന്നു.
താലിബാന്‍ കാബൂളില്‍ എത്തിയ സമയം അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ സാലയ്‌ക്ക് 48 മണിക്കൂറിനുള്ളില്‍ യുഎസിലേക്ക് മാറ്റുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ഇമെയില്‍ ലഭിച്ചു. സാധനങ്ങള്‍ വാങ്ങിസൂക്ഷിക്കാന്‍ നഗരത്തിലേത്ത് ഇറങ്ങിയ അവളോട് താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതായി പറയുന്നു. സാല തളര്‍ന്നു പോകുന്നു. അവളുടെ ചിന്തകള്‍ കാടുകയറി. അവള്‍ പതിവായി സുഹൃത്തുക്കളുമായി ഇടപഴകുകയും കാപ്പി കുടിക്കുകയും സംഗീതം കേള്‍ക്കുകയും ചെയ്തിരുന്ന കഫേകളും റെസ്റ്റോറന്റുകളും കടന്നുപോകുമ്പോള്‍ അവള്‍ കരയുന്നു, അവളുടെ ഇന്നലെകള്‍ മിന്നിമറയുന്നു.
താലിബാന്‍ ഭരണത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനിയായ അവള്‍ക്ക് ഏറെയൊന്നും അറിയാമായിരുന്നില്ല കാരണം അവള്‍ ചെറുപ്പമാണ്. എന്നാല്‍ 1990 കളില്‍ അവരുടെ ഭരണത്തിന്‍ കീഴില്‍ ജീവിച്ച മാതാപിതാക്കളില്‍ നിന്ന് അവള്‍ ഭയാനകമായ ചില കഥകള്‍ കേട്ടിട്ടുണ്ട്. അപ്ഗാനിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് യുഎസിലേക്ക് വിമാനത്തില്‍ കയറിയില്ലെങ്കില്‍ തന്റെ ഭാവി ഇരുളടഞ്ഞുപോകുമെന്ന് അവള്‍ ഭയന്നു. എങ്കിലും അഫ്ഗാന്‍ വിടേണ്ടിവരില്ലെന്ന് സ്വയം വിശ്വസിക്കുന്നു. വ്യത്യസ്ത വസ്ത്രങ്ങള്‍ ഉടുത്തൊരുങ്ങിയിരുന്ന കൗമാരക്കാരി, സ്‌കിന്നി ജീന്‍സും വര്‍ണ്ണാഭമായ വസ്ത്രങ്ങളും സ്‌കാര്‍ഫുകളും ഉപേക്ഷിച്ച് ഒരു കറുത്ത പര്‍ദ്ദധരിച്ചാണ് ഈ ദിവസങ്ങളില്‍ കഴിയുന്നത്. പുറത്ത് പോകുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ അവള്‍ മുഖം മറയ്‌ക്കുന്നു.
വാഹിദഅമിരി എന്ന 31 കാരി അചഞ്ചലയായ സ്ത്രീയാണ്. നിയമബിരുദധാരിയായ അവരുടെ ജീവിതം സമരോജ്വലമാണ്. കാബൂളിലെ സ്ത്രീകളുടെ വായനാശീലം വര്‍ധിപ്പിക്കാന്‍ ഒരു ലൈബ്രറി നടത്തിയ വനിതയാണ് വാഹിദ അമിരി. 1990-കളില്‍ സോവിയറ്റ് യൂണിയനും താലിബാനുമെതിരായ ചെറുത്തുനില്‍പ്പിന് പേരുകേട്ട വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷിര്‍ താഴ്വരയില്‍ നിന്നുള്ള കുടുംബാംഗമായിരുന്നു വാഹിദ. തീവ്രവാദികളെ പടിക്കുപുറത്തു നിര്‍ത്തിയ പഞ്ച്ഷീര്‍.
താലിബാനെതിരെ പോരാടാന്‍ ഈ പഞ്ച്ഷീര്‍ വനിതയ്‌ക്ക് ഒട്ടുംഭയമില്ല. താലിബാന്‍ കാബൂളിലേക്ക് എത്തിത്തുടങ്ങിയ കാലം. അടുത്ത വെള്ളിയാഴ്ച ഒരുകൂട്ടം വനിതകള്‍ വാഹിദ അമിരിയുടെ നേതൃത്വത്തില്‍ സംഘടിച്ചു തുല്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറി. അഫ്ഗാന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് നടത്തിയ മാര്‍ച്ച് താലിബാന്‍ സൈനികര്‍ തടഞ്ഞു. അവരെ താലിബാന്‍ ആക്രമിച്ചു. ഗ്രനൈഡുകളും കണ്ണീര്‍വാതകവും ഉപയോഗിച്ച് നേരിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ചാട്ടവാറുകൊണ്ടും വൈദ്യുതബാറ്റണ്‍ കൊണ്ടും അടിച്ചു.
വാഹിദ പഞ്ച്ഷീറില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോള്‍ താലിബാന്‍ തീവ്രവാദികള്‍ എകെ 47 തോക്കുമായി വന്ന് വീട്ടില്‍ പോയി ഉച്ചഭക്ഷണം പാകം ചെയ്യുന്നതാണ് നല്ലതെന്ന് ഭീഷണി മുഴക്കി. നിങ്ങളുടെ തോക്കിനെ ഞാന്‍ ഭയപ്പെടുന്നില്ല, ‘നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് വിഷയവുമായി സംവാദം നടത്താന്‍ എനിക്ക് കഴിവുണ്ട്. ഞാന്‍ പാചകം ചെയ്യാന്‍ വീട്ടില്‍ പോകുന്നില്ലെന്നായിരുന്നു ആ ധീരവനിതയുടെ വാക്കുകള്‍. അടുത്ത ദിവസം, വാഹിദയുടെ നേതൃത്വത്തിലുളള പ്രതിഷേധം താലിബാന്‍ നിരോധിച്ചു. വാഹിദ ഇപ്പോള്‍ ക്ഷീണിതയാണ്. എങ്കിലും അഫ്ഗാന്‍ സ്ത്രീകളുടെ നാവായി മാറുകയാണ് വാഹിദയുടെ ജീവിത ലക്ഷ്യം. ഇത് ഡയറിക്കുറിപ്പുകലിലൂടെ പുറംലോകമറിഞ്ഞ ഏതാനും അഫ്ഗാന്‍ വനിതകളുടെ ശബ്ദമാണ്. താലിബാന്‍ മതതീവ്രവാദികളുടെ വരവ് അഫ്ഗാന്‍ സ്ത്രീകളുടെ ജീവതത്തില്‍ കരിനിഴല്‍ വീഴ്തി. കേട്ടതിനേക്കാള്‍ ഭീകരമാണ് അവരുടെ അനുഭവകഥകള്‍.
എന്തുകൊണ്ടാണ് ലോകത്തെവിടെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശത്തെ കുറിച്ചും പറയുന്ന മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനവും അസ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യാത്തത്. നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്…വനിതാ ദിനത്തില്‍ ഉത്തരംകിട്ടേണ്ട ഒരു ചോദ്യം ഇവിടെ ഉയര്‍ത്തുകയാണ്.















