കാഞ്ഞങ്ങാട്;തിരക്കേറിയ റോഡിൽ സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ സ്കൂൾ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.കാസർകോട് ഉദുമ സ്വദേശിക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.
ഉദുമ സ്വദേശിയായ വിദ്യാർത്ഥി കഴിഞ്ഞ ദിവസം സ്കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നടപടി. വിദ്യാർത്ഥി ഓടിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.വിദ്യാർത്ഥിക്ക് ലൈസൻസ് ഇല്ലെന്നാണ് വിവരം.
തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തിയായിരുന്നു സ്കൂട്ടറിലെ അഭ്യാസ പ്രകടനം.അമിത വേഗത്തിൽ ഹെൽമെറ്റ് ധരിക്കാതെയായിരുന്നു വിദ്യാർത്ഥിയുടെ യാത്ര.സംഭവം ശ്രദ്ധയിൽപ്പെട്ടവർ വീഡിയോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തുകയും കേസെടുക്കുകയുമായിരുന്നു.
Comments