ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കിനെതിരെ കോടതിയെ സമീപിച്ച് മീഡിയ വൺ ചാനൽ എഡിറ്റർ പ്രമോദ് രാമനും കേരള പത്രപ്രവർത്തക യൂണിയനും. സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. മീഡിയ വണ്ണിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ചാനൽ മാനേജ്‌മെന്റ് നൽകിയ ഹർജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇതിനിടെയാണ് പ്രമോദ് രാമനും, മാദ്ധ്യമ സംഘടനയും കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ചാനൽ ഉടമകളോ ജീവനക്കാരോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ഹർജികൾ നൽകിയിരിക്കുന്നത്. 320 ഓളം ജീവനക്കാർ ആണ് മാദ്ധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. നിലവിൽ ഇവർ ജോലിയില്ലാതെ ഇരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകളിൽ മീഡിയ വണ്ണിനെതിരായ ആരോപണം എന്താണെന്ന് അറിയില്ല. അതിനാൽ ആരോപണങ്ങൾക്ക് മറുപടി നൽകാനും അവസരം ലഭിച്ചില്ല. ഭരണഘടനാ വ്യവസ്ഥയുടെ സുതാര്യതയ്‌ക്ക് എതിരായ നടപടികളാണ് ഉണ്ടായതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.
പത്ത് വർഷത്തിനിടെ അഞ്ച് തവണ ചട്ടലംഘനം നടത്തിയെങ്കിൽ മാത്രമേ സമാനമായ നടപടി കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ഇങ്ങിനെയുണ്ടായിട്ടില്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് സർക്കാർ നടപടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments