തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് കെഎസ്ഇബിയുടെ ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റ് വിഭാഗം പറയുന്നു. സംഭവം നടന്ന വീട്ടിലെത്തി വിശദമായി പരിശോധിച്ച ശേഷമായിരുന്നു ഇവരുടെ പ്രതികരണം.
ഇന്നലെയും ഇന്നുമായി കെഎസ്ഇബി നടത്തിയ പരിശോധന നാളെയും ഉണ്ടാകുമെന്നാണ് സൂചന. എസിയിൽ നിന്നാണ് തീപടർന്നത് എന്ന പ്രാഥമിക നിഗമനത്തിൽ എത്തിയെങ്കിലും സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. വിശദമായ പരിശോധനകൾ ഇനിയും ആവശ്യമാണെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പോലീസിന് കേസ് അന്വേഷണവുമായി ഇനി മുന്നോട്ട് പോകാൻ സാധിക്കു.
അന്വേഷണ സംഘത്തലവനായ വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വീടും പരിസര പ്രദേശങ്ങളും പരിശോധിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. സമീപത്തെ വീട്ടിലെ സി സി ടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിരുന്നു. പുലർച്ചെ 1.15 ന് കാർ പോർച്ചിലെ ബൈക്കുകൾക്ക് തീ പടരുന്നത് ദൃശ്യങ്ങൾ വ്യക്തമാണ്. മരിച്ചവരുടെ സംസ്‌ക്കാരം നാളെ ആകും നടത്തുക.
വർക്കലയിലെ പഴം പച്ചക്കറി മൊത്ത വ്യാപാരിയായ ബേബി, ഭാര്യ ഷേർലി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. അഭിരാമിയുടെ അച്ഛൻ വിദേശത്ത് നിന്നും നാട്ടിൽ എത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ഉള്ള നിഹുലിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ബേബിയുടെ മൂത്തമകനാണ് നിഹുൽ.
















Comments