പനാജി: ഗോവയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ചിദംബരം പറഞ്ഞത് തിരിച്ചടിയാകുന്നു. അന്ന് പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ പ്രസംഗമാണ് വീണ്ടും ചർച്ചയാകുന്നത്. കേന്ദ്രത്തിൽ അധികാരം പിടിക്കണമെങ്കിൽ ഗോവയിൽ ജയിക്കണമെന്നാണ് സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുളള ചിദംബരം പറഞ്ഞത്.
പാർട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്ത ചിദംബരം പ്രവർത്തകരെ ആവേശം കൊളളിക്കാനാണ് ഇങ്ങനെ പ്രസംഗിച്ചത്. ചിദംബരത്തിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു. ‘ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയിക്കും. 2007ൽ ഗോവയിൽ കോൺഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു.
2012ൽ കോൺഗ്രസ് ഗോവയിൽ പരാജയപ്പെട്ടു. പിന്നാലെ 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. 2017ൽ ഗോവയിൽ വീണ്ടും പരാജയപ്പെട്ടു, 2019ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെട്ടു. 2022ൽ ഗോവയിൽ ജയിച്ചാൽ 2024ൽ കേന്ദ്രത്തിൽ കോൺഗ്രിന് ഭരണം പിടിക്കാനാവുമെന്നും ചിദംബരം വ്യക്തമാക്കി. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഗോവയിൽ ബിജെപി ഭരണം ഉറപ്പാക്കിയതോടെ ചിദംബരത്തിന്റെ വാദങ്ങൾ തിരിച്ചടിയാവുകയാണ്. ചിദംബരത്തിന്റെ വാദങ്ങൾ ശരിവച്ചാൽ ഗോവയിൽ ഭരണം ഉറപ്പിച്ച ബിജെപി തന്നെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തും. ഗോവയിൽ 20 സീറ്റ് നേടിയാണ് ബിജെപി തുടർഭരണം ഉറപ്പിച്ചത്.
എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഗോവയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കിയിരുന്നു. വ്യാഴാഴ്ച തന്നെ ഗവർണറുമായുളള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതായി കർണാടക പിസിസി അദ്ധ്യക്ഷനും ഗോവയിലെ സർക്കാർ രൂപീകരണ നീക്കങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുമുളള ഡി.കെ ശിവകുമാർ പറഞ്ഞിരുന്നു. മഡ്ഗാവിലെ റിസോർട്ടിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പാർപ്പിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം മറ്റ് മുന്നണികളിലേക്കും പാർട്ടികളിലേക്കും പോകുന്നത് തടയാനാണ് പാർട്ടി ഈ നടപടി സ്വീകരിച്ചത്. എന്നാൽ ഭരണം പിടിക്കാൻ കഴിയാതായതോടെ നിരാശയിലാണ് കോൺഗ്രസ് നേതൃത്വവും പാർട്ടി പ്രവർത്തകരും.
ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായും കോൺഗ്രസ് കൂടിയാലോചന നടത്തിയിരുന്നു. പി ചിദംബരത്തിന്റെ നേതൃത്വത്തിലാണ് മഡ്ഗാവിലെ ഹോട്ടലിൽ ചർച്ചകൾ നടത്തിയത്. ഭരണത്തിനായി 21 സീറ്റുകൾ തികയ്ക്കാൻ എഎപിയുമായും തൃണമൂൽ കോൺഗ്രസുമായും നീക്കുപോക്കിന് തയ്യാറാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
Comments