റഷ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളുമായി മോസ്‌കോയിലെ ഇന്ത്യൻ എംബസി

Published by
Janam Web Desk

മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങളുമായി മോസ്‌കോയിലെ ഇന്ത്യൻ എംബസി. റഷ്യയിൽ നിലവിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു. എംബസിയുമായി തുടർച്ചയായി ബന്ധപ്പെടണം. നിലവിൽ വിദ്യാർത്ഥികളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു.

റഷ്യൻ സർവ്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും ചില സന്ദേശങ്ങൾ ലഭിച്ചതിനാലാണ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് എംബസി പറയുന്നു. റഷ്യയിൽ ബാങ്കിംഗ് സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി അധികൃതർ അറിയിച്ചിരുന്നു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളെ കുറിച്ച് എംബസി നിരന്തരം അന്വേഷിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ മടങ്ങുന്നതാണ് പരിഗണനയിലെങ്കിൽ ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്നും നിർദ്ദേശത്തിൽ പറയുന്നു. സർവ്വകലാശാലകൾ പഠനരീതി ഓൺലൈനിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ പഠനകാര്യങ്ങളിൽ തടസ്സം വരാത്തവണ്ണം അധികൃതരുമായി ആലോചിച്ച് തീരുമാനമെടുക്കാനും എംബസി ആവശ്യപ്പെട്ടു.

Share
Leave a Comment